ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ നടത്തിയ ആരോപണങ്ങളില്‍ മാപ്പ് പറയില്ലെന്ന് പഞ്ചാബ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധു. നവജ്യോത് സിങ്ങുമായി അടുത്ത വ്യത്തങ്ങളാണ് ഈ കാര്യം അറിയിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് നവജ്യോത് സിങ് സിദ്ധുവിനെ പഞ്ചാബ് അധ്യക്ഷനായി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചത്. തുടര്‍ന്ന് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയാതെ നവജ്യോത് സിങ് സിദ്ധുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് അമരീന്ദര്‍ സിങ് അറിയിച്ചിരുന്നു. ജൂലൈ 21ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും വേണ്ടി അമരീന്ദര്‍ നടത്തുന്ന വിരുന്നിലേക്കും നവജ്യോതിന് ക്ഷണമില്ല. 

മാപ്പ് പറയാതെ യാതൊരു തരത്തിലുള്ള കൂടിക്കാഴ്ചയ്ക്കും താന്‍ ഒരുക്കമല്ലെന്നും പഞ്ചാബ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്തിനോടും അമരീന്ദര്‍ സിങ് അറിയിച്ചിരുന്നു. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ അവഹേളനപരമായ പരാമര്‍ശങ്ങളില്‍ മാപ്പ് പറയാതെ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ഒരുക്കമല്ലെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ രവീണ്‍ ഠുക്കറാല്‍ അറിയിച്ചു. 

ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ച കേസിലടക്കം നീതി ലഭിക്കുന്നത് വൈകുന്നതിലും 2015-ലുണ്ടായ പോലീസ് വെടിവെയ്പ്പിലും അമരീന്ദര്‍ സിങ്ങിനെതിരെ കടുത്ത ആരോപണങ്ങളാണ് നവജ്യോത് സിങ് സാമൂഹികമാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. 

അതേസമയം നവജ്യോത് സിങ്ങിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ച സംഭവത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച അമരീന്ദര്‍ സിങ്ങിന് പിന്തുണ അറിയിച്ച് പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എത്തി. സിദ്ധുവിനെതിരായ പാര്‍ട്ടിയിലെ സമുന്നതനായ അമരീന്ദറിന്റെ നിലപാടില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രതിരോധത്തിലായിരിക്കുകയാണ്.

Content Highlights: punjab congress president navjyoth singh will not say sorry to amarinder singh