ചണ്ഡീഗഢ്:  പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ച നവജോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അഡ്വക്കേറ്റ് ജനറല്‍ അമര്‍പ്രീത് സിങ് ഡിയോളിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയേക്കും. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചതിന് പിന്നാലെ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് അതുല്‍ നന്ദ രാജിവച്ചിരുന്നു. തുടര്‍ന്നാണ് എപിഎസ് ഡിയോള്‍ തല്‍സ്ഥാനത്തെത്തിയത്.

ഇതുകൂടാതെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്നും ഇഖ്ബാല്‍ പ്രീത് സിങ്ങിനെ മാറ്റാനും മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് സൂചന. അദ്ദേഹത്തെയും കഴിഞ്ഞയാഴ്ചയാണ് പോലീസ് മേധാവി സ്ഥാനത്ത് നിയമിച്ചത്. പുതിയ ഡിജിപിയായി പരിഗണിക്കാന്‍ പത്തു പേരുടെ പാനല്‍ തയ്യാറാക്കി യുപിഎസ്‌സിക്ക് സമര്‍പ്പിക്കും.

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നവജോത് സിങ് സിദ്ദു തുടര്‍ന്നേക്കുമെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയുമായി സിദ്ദു നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയിലാണ് അദ്ദേഹത്തിന്റെ പരാതികള്‍ പരിഹരിക്കുന്നത് സംബന്ധിച്ച ധാരണയായത്. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കും. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണിത്.

മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി, പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി ഹരീഷ് റാവത്ത്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബികാ സോണി, നവജോത് സിങ് സിദ്ദു എന്നിവര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ടതാവും ഏകോപന സമിതി. ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചാലുടന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടക്കുമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 

Content Highlights: Punjab Congress: Navjot Sidhu to stay