മനോഹർലാൽ ഖട്ടാർ, അമരീന്ദർ സിങ് | ഫോട്ടോ: പി.ടി.ഐ
ചണ്ഡീഗഢ്: കര്‍ഷക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കര്‍ഷകരുടെ പ്രതിഷേധത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുചേര്‍ന്നിട്ടില്ല. വസ്തുതകള്‍ മനസ്സിലാക്കാതെ ഖട്ടാര്‍ അടിസ്ഥാനഹരിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അമരീന്ദര്‍ ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി സംസാരിക്കാന്‍ തയ്യാറല്ലെന്ന ഖട്ടാറിന്റെ വാദത്തേയും അമരീന്ദര്‍ തള്ളി. 'പ്രധാനമന്ത്രിയുമായും കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയുമായും താന്‍ സംസാരിച്ചിരുന്നു. ഖട്ടാറുമായി സംസാരിക്കുന്നതിന് എന്താണ് പ്രശ്‌നം. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് നേരെ നടന്ന ഹരിയാണ പോലീസിന്റെ അതിക്രമത്തില്‍ ഖട്ടാര്‍ മാപ്പ് പറയാതെ അദ്ദേഹവുമായി സംസാരിക്കില്ല', അമരീന്ദര്‍ പറഞ്ഞു.
'എന്തിനാണ് അവര്‍ (ഹരിയാണ സര്‍ക്കാര്‍) ഞങ്ങളുടെ കര്‍ഷകരെ തടയുന്നത്? എന്തിനാണ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുന്നത്? സ്വാഭാവികമായി ഉണ്ടായ പ്രതിഷേധമാണ് കര്‍ഷകരുടേത്. അതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്ന വാദം അടിസ്ഥാനരഹിതമാണ്. പ്രതിഷേധം ശക്തമായ സാഹചര്യത്തെ നേരിടുന്നതില്‍ പരാജയപ്പെട്ടതിനാലാണ് പഞ്ചാബ് സര്‍ക്കാരിനെതിരെ ഖട്ടാര്‍ വിമര്‍ശനമുന്നയിക്കുന്നത്. എന്റെ തോളില്‍ തോക്ക് ചാരിവെച്ചാണ് ഖട്ടാര്‍ വെടിയുതിര്‍ക്കുന്നത്', അമരീന്ദര്‍ പറഞ്ഞു.
പ്രതിഷേധത്തെ കൈകാര്യം ചെയ്യുന്നതില്‍ ഖട്ടാറിന് വീഴ്ച സംഭവിച്ചുവെന്ന് വിമര്‍ശിച്ച അമരീന്ദര്‍, ഹരിയാണ മുഖ്യമന്ത്രി കള്ളം ആവര്‍ത്തിക്കുകയാണെന്നും ആരോപിച്ചു. ഖട്ടാറിന്റെ ഭാഗത്തുനിന്ന് ഒരു ഫോണ്‍കോളോ സന്ദേശമോ തനിക്ക് ലഭിച്ചിട്ടില്ലെന്നും അമരീന്ദര്‍ പറഞ്ഞു.
പ്രതിഷേധത്തിന് ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് ഖട്ടാറിന്റെ വാദത്തേയും അമരീന്ദര്‍ നിഷേധിച്ചു. അമരീന്ദര്‍ ഖലിസ്ഥാനി ആണോ? പ്രശ്‌നത്തെ കൈകാര്യംചെയ്യാന്‍ സാധിക്കാത്തപ്പോള്‍ അവര്‍ മറ്റുള്ളവരെ പഴിക്കുകയാണ്. പഞ്ചാബിലേയും ഹരിയാണയിലേയും കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ആരൊക്കെയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതെന്ന് തനിക്കറിയാം. എന്നാല്‍ ഖട്ടാറിന് സ്വന്തം സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നം എന്താണെന്ന് പോലുമറിയില്ല. ഞങ്ങള്‍ക്ക് ഒരു പരിഹാരമാണ് വേണ്ടത്. കര്‍ഷകര്‍ പ്രയാസപ്പെടണമെന്നത് തന്റെ ഉദ്ദേശമല്ലെന്നും അമീന്ദര്‍ സിങ് വ്യക്തമാക്കി.
കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചതിന്റെ ഉത്തരവാദി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആണെന്നായിരുന്നു ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ ആരോപണം. പ്രതിഷേധം നയിക്കുന്നത് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളവരാണെന്നും പ്രതിഷേധം അമരീന്ദറിന്റെ സ്വകാര്യ താല്‍പര്യമാണെന്നും ഖട്ടാര്‍ ആരോപിച്ചിരുന്നു.
Content Highlights: Punjab CM Shoots Down Khattar's Allegations, Says No Political Interference in Protests
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..