ന്യൂഡല്‍ഹി: മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റംവരുത്തി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. തദ്ദേശ ഭരണ വകുപ്പില്‍നിന്ന് നവജ്യോത് സിങ് സിദ്ദുവിനെ അദ്ദേഹം ഒഴിവാക്കി. ഊര്‍ജം, പുനരുപയുക്ത ഊര്‍ജ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിന് നല്‍കി. ടൂറിസം - സാംസ്‌കാരിക വകുപ്പും സിദ്ദുവില്‍നിന്ന് എടുത്തുമാറ്റിയിട്ടുണ്ട്. പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അമരീന്ദര്‍ സുങ്ങും സിദ്ദുവും തമ്മിലുള്ള ഭിന്നതകള്‍ മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിമാരുടെ വകുപ്പുകളിലുള്ള മാറ്റം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രിസഭായോഗം ചേര്‍ന്ന് മണിക്കൂറുകള്‍ക്കകമാണ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയിട്ടുള്ളത്. സിദ്ദുവിന്റെ നിരുത്തരവാദപരമായ നടപടികള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന വിമര്‍ശം നേരത്തെ അമരീന്ദര്‍ സിങ് ഉന്നയിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നഗര മേഖലകളില്‍ പാര്‍ട്ടി മോശം പ്രകടനം കാഴ്ചവച്ച സാഹചര്യത്തില്‍ തദ്ദേശ ഭരണ വകുപ്പ് സിദ്ദുവില്‍നിന്ന് എടുത്തുമാറ്റുമെന്ന് അമരീന്ദര്‍ നേരത്തെതന്നെ സൂചന നല്‍കിയിരുന്നു. ഇതിനു പിന്നാലെ തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗം സിദ്ദു ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.  നഗര മേഖലകളില്‍ നിന്നാണ് പാര്‍ട്ടിക്ക് മികച്ച നേട്ടമുണ്ടായതെന്ന് സിദ്ദു അവകാശപ്പെട്ടിരുന്നു.

Content Highlights: Punjab, Amarindar Singh, Navjot Singh Sidhu