നദിയിൽ നിന്നുള്ള ജലം കുടിക്കുന്ന ഭഗവന്ത് മാൻ | Screengrab: twitter.com/AAPPunjab
ന്യൂഡല്‍ഹി: ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് നദിയില്‍ നിന്ന് നേരിട്ട് വെള്ളം കോരി കുടിക്കുന്ന ചിത്രം പുറത്ത്. ഭഗവന്ത് മന്നിന് വയറ്റില്‍ അസുഖം ബാധിച്ചത് കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ മലിന ജലം കുടിച്ചതാണെന്നതരത്തില് സാമൂഹ്യ മാധ്യമങ്ങളില്‍ വിമർശനങ്ങള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് മുഖ്യമന്ത്രി ഒരു ചെറിയ നദിയില്‍നിന്ന് വെള്ളം കുടിക്കുന്ന വീഡിയോ പുറത്തുവന്നത്. പരിസ്ഥിതി പ്രവര്‍ത്തകനും രാജ്യസഭാ എം.പിയുമായ ബാബ ബല്‍ബീര്‍ സിങ് സീചാവള് ആണ് മുഖ്യമന്ത്രിയെ നദീശുചീകരണവുമായി ബന്ധപ്പെട്ട പരിപാടിയിലേക്ക് ക്ഷണിച്ചത്. കാലീ ബെയ്ന്‍ നദീ ശുചീകരണയജ്ഞത്തിന്റെ 22-ാം വാര്‍ഷികമായിരുന്നു പരിപാടി.
സമീപ പട്ടണങ്ങളില്‍ നിന്നുള്ള മാലിന്യം നിറഞ്ഞ നദിയിലെ ജലം കുടിക്കാന്‍ നല്കിയപ്പോള് രണ്ടാമത് ഒന്ന് ആലോചിക്കാതെ ഭഗവന്ത് മാന്‍ അത് കുടിക്കുകയായിരുന്നു.സംസ്ഥാനത്തെ നദികളും തോടുകളും മാലിന്യമുക്തമാക്കുകയെന്നത് പഞ്ചാബ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും കാലി ബെയ്ന്‍ നദിയിലെ വെള്ളം കുടിക്കാന്‍ ലഭിച്ച അവസരത്തെ അനുഗ്രഹമായി കാണുന്നുവെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. കൈയടിച്ചാണ് ഒപ്പമുണ്ടായിരുന്നവര്‍ മാന്‍ ചെയ്ത പ്രവര്‍ത്തിയെ സ്വീകരിച്ചത്. അടുത്ത ദിവസം അദ്ദേഹം ആശുപത്രിയിലാകുകയും ചെയ്തു.
അതേസമയം, നദിയില്‍ നിന്ന് വെള്ളം കുടിച്ചതല്ല മുഖ്യമന്ത്രിക്ക് അസുഖമുണ്ടാക്കിയതെന്നും സ്ഥിരം പരിശോധനയ്ക്കായി മാത്രമാണ് അദ്ദേഹം ആശുപത്രിയില്‍ പോയതെന്നും ആം ആദ്മി വൃത്തങ്ങള്‍ പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..