ചണ്ഡീഗഢ്: കേന്ദ്ര സര്‍ക്കാരിരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് നടപടി. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി രണ്‍ദീപ് സിങ് നാഭയാണ് പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് പ്രമേയത്തിന്മേല്‍ ചര്‍ച്ചയും നടന്നു.

ചര്‍ച്ചയ്ക്കിടെ, പഞ്ചാബ് പി.സി.സി. അധ്യക്ഷന്‍ കൂടിയായ നവജോത് സിങ് സിദ്ദു, കാര്‍ഷിക നിയമങ്ങളുടെ പേരില്‍ ശിരോമണി അകാലിദളിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. 2013-ല്‍ കരാര്‍ കൃഷി നിയമം വിജ്ഞാപനം ചെയ്തതിലൂടെ കാര്‍ഷിക നിയമങ്ങള്‍ക്ക് നാന്ദികുറിച്ചത് അന്നത്തെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലാണെന്നും നിയമം റദ്ദാക്കണമെന്നും സിദ്ദു പറഞ്ഞു. അകാലിദള്‍-ബി.ജെ.പി. സര്‍ക്കാരിന്റെ ഭരണകാലം കര്‍ഷക വിരുദ്ധമായിരുന്നെന്നും സിദ്ദു ആരോപിച്ചു. 

പ്രതിപക്ഷ നേതാവും ആം ആദ്മി പാര്‍ട്ടി എം.എല്‍.എയുമായ ഹര്‍പാല്‍ സിങ് ചീമയും കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചതിന് അകാലിദളിനെ വിമര്‍ശിച്ചു.  മുന്‍മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, കേന്ദ്രമന്ത്രി ഹര്‍സിമ്രത്കൗര്‍ ബാദല്‍, ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ ബാദല്‍ എന്നിവര്‍ കാര്‍ഷിക നിയമങ്ങള്‍ രൂപവത്കരിച്ച ശേഷവും അതിനെ പിന്തുണച്ചെന്ന് ചീമ ആരോപിച്ചു. കര്‍ഷകര്‍, നിയമങ്ങള്‍ക്കെതിരെ തിരിയുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോഴാണ് ബി.ജെ.പി. സഖ്യം വിടാന്‍ ശിരോമണി അകാലിദള്‍ തയ്യാറായതെന്നും ചീമ പറഞ്ഞു. 

content highlights:punjab assembly passes resolution against centre's farm laws