പുണെ: വിവാഹത്തിന് മുമ്പ് കന്യാകത്വ പരിശോധന നടത്താന്‍ വിസമ്മതിച്ചതിന് ദന്‍ദിയ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിന് യുവതിക്ക് സമുദായം വിലക്കേര്‍പ്പെടുത്തി. പുണെയിലാണ് സംഭവം. വിലക്കിനെതിരെ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിയുടെ സഹായത്തോടെ യുവതി പിംപ്രി പോലീസ് സ്റ്റേഷനില്‍ എട്ടു പേര്‍ക്കെതിരെ പരാതി നല്‍കി.

ഊരുവിലക്കിന് എതിരായ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കഞ്ജര്‍ബത് സമുദായത്തിലെ അംഗമാണ് യുവതി. വിവാഹത്തിന് മുമ്പ് കന്യകാത്വം പരിശോധിക്കണമെന്നാണ് ഈ സമുദായത്തിന്റെ പരമ്പരാഗതമായ ആചാരം. 

എന്നാല്‍ ഈ യുവതി ഇതിന് തയ്യാറായിരുന്നില്ല. അതേ സമയം ഇവരുടെ ഭര്‍ത്താവ് യുവതിക്കൊപ്പമാണ് നിന്നത്. എന്നാല്‍ അതൊന്നും മുഖവിലയ്ക്കെടുക്കാതെ സമുദായ ആചാരം തെറ്റിച്ചതിന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

ദന്‍ദിയ പരിപാടിയില്‍ ഞാന്‍ ഇരുപത് മിനിറ്റോളം നൃത്തം ചെയ്തു. ഇതിനിടെ പെട്ടെന്ന് ആരോ പാട്ട് നിറുത്തി. എന്റെ അമ്മ വന്ന് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ സംഘാടകര്‍ രോഷകുലരായിരുന്നുവെന്നും യുവതി പറഞ്ഞു.