പുണൈ: മഹാരാഷ്ട്രയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ഓട്ടോറിക്ഷ ഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതായി ആരോപണം. പൂണെയില്‍ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ശങ്കര്‍ വയ്ഫാല്‍ക്കറിനാണ് പൊള്ളലേറ്റത്. സ്ഥപനത്തിന്റെ ഉടമസ്ഥന്റെ വാഹനത്തില്‍ മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. 

പുണെയിലെ ബോഷാരി വ്യാവസായിക മേഖലയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. പൊള്ളലേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ ശങ്കര്‍ വയ്ഫാല്‍ക്കറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ബാലു കടത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ കൊലപാതകശ്രമത്തിനടക്കം കേസ് എടുത്തതായി പോലീസ് അറിയിച്ചു.

സ്ഥാപനത്തിന്റെ പ്രധാന ഗേറ്റില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ശങ്കറായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവിടെയെത്തിയ ബാലു കടം ഓട്ടോറിക്ഷ നിര്‍ത്തി കമ്പനി ഉടമയുടെ വാഹനത്തില്‍ മൂത്രമൊഴിക്കാന്‍ തുടങ്ങി. ശങ്കര്‍ ഇത് തടഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയാരുന്നു. തുടര്‍ന്ന് വൈകുന്നേരം പെട്രോളുമായി മടങ്ങിയെത്തിയ ഇയാള്‍ ഇത് ശങ്കറിന്റെ മേല്‍ ഒഴിച്ച് തീ വെയ്ക്കുകയായിരുന്നു.

Content Highlights: Pune Watchman Stops Auto Driver From Urinating On SUV, Set On Fire