പൂണെ: പ്രധാനമന്ത്രിയുടെ ഓഫീസിലേക്കെത്തിയ ഇ മെയില്‍ സന്ദേശത്തിന്റെ പിന്നാലെ പരക്കം പാഞ്ഞ് പോലീസുകാരെത്തിയത് മനോനില തെറ്റിയ വ്യക്തിയുടെ അരികില്‍. വീടിനു പുറത്ത് അന്യഗ്രഹജീവിയെ കണ്ട് പരിഭ്രമിച്ചുവെന്നായിരുന്നു ഇ മെയില്‍ സന്ദേശത്തിലുണ്ടായിരുന്നത്. 

മഹാരാഷ്ടയില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസിന് സന്ദേശം കൈമാറുകയും അന്വേഷണത്തിനുത്തരവിടുകയും ചെയ്തു. അന്വേഷണത്തിനൊടുവില്‍ സന്ദേശമയച്ച പുണെ കൊത്‌റുഡിലെ താമസക്കാരനെ പോലീസ് കണ്ടെത്തി. കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പുണ്ടായ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നാല്‍പത്തിയേഴുകാരനായ ഇയാളുടെ മനോനില തകരാറിലായതാണെന്ന് പോലീസ് കണ്ടെത്തി. 

ഏകദേശം രണ്ടു മാസത്തിനു മുമ്പ് വീടിനു പുറത്തു മരങ്ങള്‍ക്കിടയിലൂടെയുള്ള വെളിച്ചം കണ്ടുവെന്നും ഇത് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ നിന്ന് അവരുടെ ഗ്രഹത്തിലേക്ക് സന്ദേശമയക്കുന്നതാണെന്നുമാണ് ഇയാൾ പ്രധാനമന്ത്രിക്കയച്ച പരാതിയിൽ പറഞ്ഞിരുന്നത്.  ഇയാള്‍ ഇ മെയില്‍ അയച്ചതിനെക്കുറിച്ച് വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. 

Content Highlights: Pune Man ,Alien Object, Writes To PM