ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം. 2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനികവാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ നാല്‍പത് സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്‌.

ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ ധീരരക്തസാക്ഷികള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പിച്ചു. സൈനികരുടെ അസാമാന്യധൈര്യവും ശ്രേഷ്ഠമായ ജീവത്യാഗവും രാജ്യം എക്കാലവും സ്മരിക്കുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. 

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. അവര്‍ രാജ്യത്തിനായി നല്‍കിയ സേവനവും ജീവത്യാഗവും ഇന്ത്യ എന്നും ഓര്‍മിക്കുമെന്നും ഭീകരാക്രമണത്തില്‍ നഷ്ടം നേരിട്ട അവരുടെ കുടുംബങ്ങളോടൊപ്പം സര്‍ക്കാര്‍ എക്കാലവും ഉണ്ടാകുമെന്നും രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. 

രാജ്യത്തിന്റെ ഭാവിസുരക്ഷയ്ക്കായി ജവാന്മാര്‍ നല്‍കിയ ത്യാഗം ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിന് എക്കാലവും പ്രചോദനം പകരുമെന്ന് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. 

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 78 വാഹനങ്ങളിലായി നീങ്ങുകയായിരുന്ന 2500 ലധികം സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയാണ് ആദില്‍ അഹമ്മദ് ദാര്‍ എന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനാ പ്രവര്‍ത്തകന്‍ സ്‌ഫോടകവസ്തു നിറച്ച എസ് യു വിയുമായെത്തിയത്. വാഹനത്തിലെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് പിന്നീട് ഏറ്റെടുത്തിരുന്നു. 

Content Highlights: Pulwama terror attack 2nd anniversary nation pay tribute to the martyred soldiers