വി. നാരായണസ്വാമി | Photo: PTI
''അവരെത്ര കുതിരക്കച്ചവടം നടത്തിയിട്ടും ഞങ്ങള്‍ക്കു തന്നെയാണ് ഇപ്പോഴും ഭൂരിപക്ഷം. തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ കണക്കില്‍ ഞങ്ങള്‍ തന്നെയാണു മുന്നില്‍. ഇതു ജനാധിപത്യത്തിന്റെ കശാപ്പാണ്. ജനങ്ങള്‍ തന്നെ ബി.ജെ.പിക്കു മറുപടി നല്‍കും.''
മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവെക്കുന്നതായി എഴുതിയ കത്ത് ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന് നല്‍കിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയതാണ് നാരായണസ്വാമി. സന്തോഷത്തോടെയാണ് പടിയിറങ്ങിയതെന്ന് ആദ്യം അദ്ദേഹം പറഞ്ഞു. പിന്നീട് കുതിരക്കച്ചവടത്തിന്റെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി. ''ബി.ജെ.പി. നേതാക്കളായ മൂന്ന് നോമിനേറ്റഡ് എം.എല്‍.എമാരുടെ ബലത്തിലാണ് അവര്‍ സര്‍ക്കാരിനെ തള്ളിയിട്ടത്. ലഫ്. ഗവര്‍ണര്‍മാര്‍ ബി.ജെ.പിക്കായി എല്ലാ ഇടപെടലും നടത്തി. നോമിനേറ്റഡ് എം.എല്‍.എമാരുടെ വോട്ടവകാശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കും.'' നാരാണസ്വാമി പറഞ്ഞു.
ബി.ജെ.പിയുടെ നാമനിര്‍ദ്ദേശം
ജനഹിതമനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ തെറ്റായ വഴികളിലൂടെ എങ്ങനെ വലിച്ച് താഴെയിടാം എന്നതിന് സമീപകാല ഇന്ത്യയില്‍ പല ഉദാഹരണങ്ങളുണ്ട്. അതില്‍ ഒടുവിലത്തേത് എന്നതു മാത്രമല്ല പുതുച്ചേരിയുടെ പ്രത്യേകത. ജനങ്ങള്‍ തിരസ്‌കരിച്ച നേതാക്കളെ നിയമസഭയില്‍ കൊണ്ടിരുത്തി അവരുടെ വോട്ട് കൂടി ചേര്‍ത്താണ് സര്‍ക്കാരിനെ ഇല്ലാതാക്കിയത് എന്ന ഗൗരവതരമായ പ്രശ്നവുമുണ്ട്.
കഴിഞ്ഞ തവണ വരെ പുതുച്ചേരിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരാണ് നോമിനേറ്റഡ് എം.എല്‍.എമാര്‍ ആരൊക്കെയാകണം എന്ന് തീരുമാനിച്ചത്. സര്‍ക്കാര്‍ മൂന്ന് പേരുടെ പട്ടിക ലഫ്. ഗവര്‍ണര്‍ക്ക് നല്‍കും. ഗവര്‍ണര്‍ അത് കേന്ദ്രത്തിലേക്ക് കൈമാറി അംഗീകരിക്കും. ചിലപ്പോള്‍ കാലതാമസമൊക്കെ ഉണ്ടാകുമെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അംഗീകരിക്കുകയാണ് പതിവ്.
പക്ഷേ ഇത്തവണ കിരണ്‍ ബേദി പഴയ രീതി മാറ്റി. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അറിയാതെ മൂന്ന് ബി.ജെ.പി. നേതാക്കളെ ലഫ്. ഗവര്‍ണര്‍ നോമിനേറ്റഡ് എം.എല്‍.എമാരായി നിയമിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും വരെ പോയെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും നോമിനേറ്റഡ് എം.എല്‍.എമാര്‍ക്കും ഉണ്ട് എന്ന് കോടതി വിധിച്ചു. ഈ നീക്കം മുതലാണ് ബി.ജെ.പിയുടെ പുതുച്ചേരി പദ്ധതി ആരംഭിക്കുന്നത്.
സത്യത്തില്‍ ഈ തീരുമാനം പുതുച്ചേരിയിലെ ജനഹിതത്തിന് എതിരാണ് എന്ന് പറയാന്‍ ഒരു കണക്ക് മാത്രം പരിശോധിച്ചാല്‍ മതി. ബി.ജെ.പിയുടെ മൂന്ന് നോമിനേറ്റഡ് എം.എല്‍.എമാരില്‍ ഒരാള്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും മറ്റു രണ്ടു പേര്‍ ഉപാധ്യക്ഷന്മാരുമാണ്. ഇതില്‍ സംസ്ഥാന ഉപാധ്യക്ഷനായ ടി. വിക്രമന്‍ 2016-ല്‍ മണവേലി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചപ്പോള്‍ 174 വോട്ടാണ് ആകെ ലഭിച്ചത്.
സംസ്ഥാന അധ്യക്ഷനായ സ്വാമിനാഥന്‍ ലോസ്പേട്ട് മാണ്ഡലത്തില്‍നിന്ന് ജനവിധി തേടിയപ്പോള്‍ 1509 വോട്ട് മാത്രവും ലഭിച്ചു. പക്ഷേ ഇവര്‍ രണ്ടു പേരും പാര്‍ട്ടിയുടെ മറ്റൊരു ഉപാധ്യക്ഷന്‍ എസ്. ശെല്‍വ ഗണപതിയും സഭയില്‍ നോമിനേറ്റഡ് എം.എല്‍.എമാരായി എത്തി സര്‍ക്കാരിന്റെ വിധി നിശ്ചയിച്ചു.
രാജിവെക്കാനായി രാജ്ഭവനിലേയ്ക്ക് പോകുമ്പോഴും തിരഞ്ഞെടുക്കപ്പെട്ട 12 എം.എല്‍.എമാരുടെ പിന്തുണ നാരായണസ്വാമി സര്‍ക്കാരിന് ഉണ്ടായിരുന്നു. പ്രതിപക്ഷത്ത് തിരഞ്ഞെടുക്കപ്പെട്ട 11 പേര്‍. ഈ കണക്കാണ് പുതുച്ചേരിയില്‍ ജനാഭിലാഷം അട്ടിമറിക്കപ്പെട്ടു എന്ന് അടിവരയിട്ട് പറയുന്നതിന് പ്രധാന കാരണം.
ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി
വ്യക്തമായ പദ്ധതിയോടെയുള്ള നിയമനമായിരുന്നു കിരണ്‍ ബേദിയുടേത്. അധികാരം ഏറ്റെടുത്ത ദിവസം മുതല്‍ സര്‍ക്കാരിനെ ഏതെല്ലാം നിലയില്‍ പ്രതിസന്ധിയിലാഴ്ത്താം എന്ന് പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു കിരണ്‍ ബേദി എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിന്റെ നിരവധി വികസന പദ്ധതികള്‍ കിരണ്‍ ബേദി നീട്ടിക്കൊണ്ടു പോകുകയോ തടസ്സപ്പെടുത്തുകയോ ചെയ്തു.
ജനങ്ങല്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രി എന്ന പരിഗണന പല ഘട്ടത്തിലും നാരായണസ്വാമിയ്ക്ക് നല്‍കിയില്ല. മുഴുവന്‍ കാലവും ഇരുവരും തമ്മില്‍ ഏറ്റുമുട്ടലായിരുന്നു. കിരണ്‍ ബേദിക്കെതിരെ നാരായണ സ്വാമി കോടതിയില്‍ പോയി. ഒടുവില്‍ സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടരുത് എന്ന ഉത്തരവ് സുപ്രീം കോടതിയില്‍ നിന്നുണ്ടായി. എന്നിട്ട് പോലും തര്‍ക്കം പരിഹരിക്കപ്പെട്ടില്ല.
രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി രാപ്പകല്‍ സമരം നടത്തുന്നത് വരെ കണ്ടു പുതുച്ചേരിയില്‍. ഒടുവില്‍ സര്‍ക്കാരിന്റെ വിധി നിശ്ചയിച്ച് കഴിഞ്ഞ ശേഷമാണ് കിരണ്‍ ബേദിയെ ലഫ്. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത്. കിരണ്‍ ബേദിയെ തല്‍സ്ഥാനത്ത് നിലനിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ തിരിച്ചടി നേരിടും എന്ന് ബി.ജെ.പിക്ക് ഉറപ്പാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലവും പുതുച്ചേരി വികസനമെത്താത്ത ഇടമായി മാറാന്‍ കാരണം കിരണ്‍ ബേദിയുടെ രാഷ്ട്രീയക്കളികളാണ് എന്ന് ജനം വിലയിരുത്തുന്നുണ്ട്. പകരം ലഫ്. ഗവര്‍ണറുടെ ചുമതല നല്‍കിയ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍ രാജന്‍ കഴിഞ്ഞ വര്‍ഷം വരെ ബി.ജെ.പിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷയായിരുന്നു. നിയമനം ഏറ്റെടുത്ത ശേഷം തമിഴിസൈ ആദ്യം പുറപ്പെടുവിച്ച ഉത്തരവ് നാരായണസ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം എന്നുള്ളതാണ്.
സര്‍ക്കാരിനെ വീഴ്ത്തിയ രാജികള്‍
കോണ്‍ഗ്രസ് മന്ത്രിസഭയിലെ രണ്ടാമനായിരുന്നു എ. നമശിവായം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുകേട്ട പേര് പി.സി.സി. അധ്യക്ഷന്‍ കൂടിയായ നമശിവായത്തിന്റേത് ആയിരുന്നു. പക്ഷേ, കോണ്‍ഗ്രസ് ദേശീയ നേതൃത്വമായി അടുത്ത ബന്ധമുള്ള വി നാരായണസ്വാമി തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപതിരഞ്ഞെടുപ്പിലൂടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
നാരായണസ്വാമിയും നമശിവായവും തമ്മില്‍ പല ഘട്ടങ്ങളില്‍ തര്‍ക്കം ഉടലെടുത്തു. അടുത്ത തവണയും ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ല എന്ന് നമശിവായത്തിന് ബോധ്യപ്പെട്ടു. മാത്രവുമല്ല, കിരണ്‍ ബേദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഇടപെടല്‍ കൊണ്ട് മണ്ഡലങ്ങളില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടക്കാത്ത സാഹചര്യവുമുണ്ടായി. സിബിഐ, ഇഡി ഇവയെല്ലാം പുതുച്ചേരിയില്‍ ചുറ്റിക്കറങ്ങുന്നുമുണ്ടായിരുന്നു.
ഇതിന്റെയെല്ലാം പരിസമാപ്തിയായി ജനുവരി 25-ന് പൊതുമരാമത്ത് മന്ത്രി കൂടിയായ നമശിവായം രാജിവെച്ചു. തൊട്ടു പിന്നാലെ തീപാഞ്ചാന്‍ എന്ന കോണ്‍ഗ്രസ് എം.എല്‍.എയും രാജി സമര്‍പ്പിച്ചു. ഇരുവരും രണ്ട് ദിവസത്തിന് ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നു. അപ്പോള്‍ പക്ഷേ സര്‍ക്കാരിന്റെ നിലനില്‍പ്പിന് അപകടമുണ്ടായിരുന്നില്ല.
എന്നാല്‍, ഫെബ്രുവരി അവസാനത്തോടെ ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണ റാവുവും ജോണ്‍ കുമാര്‍ എം.എല്‍.എയും രാജിവെച്ചതോടെ ഭരണപക്ഷത്തിന്റെ സഭയിലെ പിന്‍ബലം 14 ആയി കുറഞ്ഞു. ബി.ജെ.പിയുടെ നോമിനേറ്റഡ് എം.എല്‍.എമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തും 14 പേര്‍. ഇതോടെ പ്രതിസന്ധി രൂപപ്പെട്ടു. നാരായണസ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു. പുതുതായി ചാര്‍ജ്ജെടുത്ത ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍ രാജന്‍ പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു.
നോമിനേറ്റഡ് എം.എല്‍.എമാര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചുനോക്കി. പക്ഷേ, നിയമോപദേശങ്ങള്‍ അനുകൂലമായില്ല. അവസാനനിമിഷം വരെ പിടിച്ച് നില്‍ക്കാന്‍ നാരായണസ്വാമി ആത്മാര്‍ത്ഥമായി ശ്രമിച്ചതാണ്. പക്ഷേ, തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പായി കോണ്‍ഗ്രസ് പാര്‍ലമെന്റെറി പാര്‍ട്ടി നേതാവ് കെ. ലക്ഷ്മി നാരായണനും ഡി.എം.കെ. എം.എല്‍.എ. കെ. വെങ്കിടേശനും കൂടി രാജിവെച്ചതോടെ സര്‍ക്കാരിന് ഒരു കാരണവശാലും തുടരാന്‍ കഴിയാത്ത അവസ്ഥയായി.
വിശ്വാസ വോട്ടെടുപ്പിനായി സഭയിലെത്തിയ നാരായണസ്വാമി വികസനവും ഗവര്‍ണറുടെ ദ്രോഹവും ബി.ജെ.പിയുടെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും എല്ലാം വിശദമാക്കി ഒരു മണിക്കൂറിലധികം പ്രസംഗിച്ചു. പിന്നീട് സഭ വിട്ടിറങ്ങി. ഇതോടെ സര്‍സക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. ഏത് നിമിഷവും ബി.ജെ.പിയിലേക്ക് പോകാനിരിക്കുന്നയാളാണ് സ്പീക്കറെന്ന് അടക്കം പറച്ചിലുണ്ട് പുതുച്ചേരിയില്‍. അതുകൊണ്ട് സ്പീക്കറെറെ ഉപയോഗിച്ച് നോമിനേറ്റഡ് എം.എല്‍.എമാര്‍ വോട്ട് ചെയ്യുന്നത് തടയാമെന്ന കോണ്‍ഗ്രസ് പദ്ധതിയും പാളി.
തിരഞ്ഞെടുക്കപ്പെട്ട 30 പേരാണ് സഭയിലുണ്ടാവേണ്ടത്. മൂന്ന് നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പെടെ ആകെ 33 പേര്‍. അതില്‍ ധനപാല്‍ എന്ന ഒരു കോണ്‍ഗ്രസ് അംഗം നേരത്തേ അയോഗ്യനാക്കപ്പെട്ടു. അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു ഡി.എം.കെ. അംഗവും ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിലൂടെ രാജിവെച്ചു.
വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ കോണ്‍ഗ്രസ്- ഒന്‍പത്, ഡി.എം.കെ.- രണ്ട്, സ്വതന്ത്രന്‍- ഒന്ന് എന്നിങ്ങനെ 12 പേരുടെ പിന്തുണ. മറുഭാഗത്ത് എന്‍.ആര്‍.കോണ്‍ഗ്രസ്- ഏഴ്, അണ്ണാ ഡി.എം.കെ.- നാല്, ബി.ജെ.പിയുടെ മൂന്ന് നോമിനേറ്റഡ് എം.എല്‍.എമാര്‍ എന്നിങ്ങനെ 14 പേര്‍. നോമിനേറ്റഡ് എം.എല്‍.എമാരെ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ എം.എല്‍.എമാരായി പരിഗണിക്കാതിരിക്കുന്നതാണ് പൊതുകീഴ്വഴക്കം. എന്നാല്‍ പുതുച്ചേരിയില്‍ ഭൂരിപക്ഷം തെളിയിക്കാനായി മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തില്‍ ഗവര്‍ണര്‍ മൂന്ന് എം.എല്‍.എമാരെയും ബി.ജെ.പി. എം.എല്‍.എമാര്‍ എന്ന് രേഖപ്പെടുത്തിയിരുന്നു.
പുതുച്ചേരിയിലെ ബി.ജെ.പി.
നോമിനേറ്റഡ് എം.എല്‍.എയായ വി. സ്വാമിനാഥനാണ് പുതുച്ചേരിയിലെ ബി.ജെ.പി. അധ്യക്ഷന്‍. പാര്‍ട്ടിയിലെ മറ്റ് നേതാക്കളെ പോലെ തന്നെ കാര്യമായ ജനകീയാടിത്തറ സ്വാമിനാഥനുമില്ല. 2016-ലെ തിരഞ്ഞെടുപ്പില്‍ സ്വാമിനാഥന്‍ മത്സരിച്ചപ്പോള്‍ 1509 വോട്ടാണ് കിട്ടിയത്. 2016-ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മത്സരിച്ച ഒരോയൊരു ബി.ജെ.പി. സ്ഥാനാര്‍ത്ഥിയ്ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ച് കിട്ടിയത്. മുപ്പത് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിയ്ക്ക് ആകെ ലഭിച്ചത് 19303 വോട്ട്. വോട്ട് ശതമാനം 2.44. കോണ്‍ഗ്രസിന് ലഭിച്ചത് 30.60 ശതമാനം വോട്ട്. 9,41935 വോട്ടര്‍മാരാണ് ആകെ ഉണ്ടായിരുന്നത്. നോട്ടയ്ക്ക് ഒരു ശതമാനത്തിലധികം വോട്ട് കിട്ടിയിരുന്നു.
ഇപ്പോള്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന നമശിവായം അത്യാവശ്യം ജനപിന്തുണയുള്ള നേതാവാണ്. മറുകണ്ടം ചാടിയ എം.എല്‍.എമാരില്‍ ചിലര്‍ വലിയ ബിസിനസുകാരുമാണ്. നേതാവെന്ന് പറഞ്ഞ് ഉയര്‍ത്തിക്കാണിക്കാന്‍ നമശിവായത്തെ ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ, രണ്ട് ശതമാനം വോട്ടില്‍നിന്ന് ഇരുപതോ മുപ്പതോ ശതമാനമായി വോട്ട് വിഹിതം ഉയര്‍ത്താന്‍ കഴിയുമോ എന്നതാണ് ബി.ജെ.പിക്ക് മുന്നിലെ വെല്ലുവിളി.
മൂന്ന് നോമിനേറ്റഡ് എം.എല്‍.എമാര്‍ കയ്യിലുണ്ട്. ഏഴ് സീറ്റിലെങ്കിലും മത്സരിച്ച് വിജയിക്കാനായാല്‍ എന്‍.ആര്‍. കോണ്‍ഗ്രസിന്റെയും അണ്ണാ ഡി.എം.കെയുടേയും പിന്തുണയോടെ അധികാരത്തിലേറി മുഖ്യമന്ത്രി പദത്തിലെത്താം എന്ന് ബി.ജെ.പി. കണക്ക് കൂട്ടുന്നു. അവിടെയാണ് ബി.ജെ.പിയുടെ രണ്ടാം ഘട്ട ഇടപെടല്‍ ആരംഭിക്കുക.
എന്‍.ആര്‍. കോണ്‍ഗ്രസ്
പല പാര്‍ട്ടികളില്‍ മാറി മാറി പ്രവര്‍ത്തിച്ചവരാണ് പുതുച്ചേരിയില്‍ ഇപ്പോള്‍ സജീവ രാഷ്ട്രീയത്തിലുള്ള മിക്കവരും. അവരാരും ബി.ജെ.പിയെ പരീക്ഷിച്ചിരുന്നില്ല എന്നത് മറ്റൊരു കാര്യം. എന്‍.ആര്‍. കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ എന്‍. രംഗസ്വാമി നേരത്തേ കോണ്‍ഗ്രസ് നേതാവായിരുന്നു. പിന്നീട് തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കി. മുഖ്യമന്ത്രിയുമായി. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ സംസ്ഥാനത്തെ വലിയ പാര്‍ട്ടി. ഇപ്പോള്‍ ഏഴ് എം.എല്‍.എമാരുണ്ട്. പ്രതിപക്ഷ നേതാവുമായിരുന്നു രംഗസ്വാമി.
ബി.ജെ.പിയുടെ പദ്ധതിയിലെ ആദ്യ ഇര മാത്രമാണ് കോണ്‍ഗ്രസ്. രണ്ടാമത്തെ ഇര ഇപ്പോഴത്തെ സഖ്യകക്ഷിയായ എന്‍.ആര്‍. കോണ്‍ഗ്രസാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അഞ്ചിലധികം സീറ്റ് ബി.ജെ.പി. നേടിയതിന് ശേഷം അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ എന്‍.ആര്‍. കോണ്‍ഗ്രസ് തയ്യാറാവാതിരുന്നാല്‍ ആ പാര്‍ട്ടി തന്നെ പിന്നീട് പുതുച്ചേരിയില്‍ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. കുറേ കച്ചവടക്കാരും മറ്റുമുള്ള, പുതുച്ചേരിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ വില പറഞ്ഞും പേടിപ്പിച്ചും സ്വന്തമാക്കാന്‍ ബി.ജെ.പിക്ക് ഇപ്പോള്‍ എടുത്തതിന്റെ പകുതി പണി വേണ്ടി വരില്ല. അണ്ണാ ഡി.എം.കെയെ ബി.ജെ.പിക്ക് തമിഴ്നാട്ടില്‍ ആവശ്യമുള്ളതിനാല്‍ തല്‍ക്കാലത്തേക്കെങ്കിലും അവര് സേഫാണ്.
ഡി.എം.കെയ്ക്കുള്ള മുന്നറിയിപ്പ്
അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ഒരു ഡി.എം.കെ. എം.എല്‍.എയും രാജിവെച്ചിരുന്നു. കെ. വെങ്കിടേശന്‍. തമിഴ്നാട്ടില്‍ അധികാരം പിടിക്കാന്‍ സാധ്യതയുള്ള എം.കെ. സ്റ്റാലിനും മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അടുത്തത് തമിഴ്നാടാണ് എന്ന മുന്നറിയിപ്പാണ് വെങ്കിടേശനെ രാജിവെപ്പിച്ചതിലൂടെ ബി.ജെ.പി. നല്‍കുന്നത്. കു.ക. ശെല്‍വം എന്ന ഡി.എം.കെ. എം.എല്‍.എ. മാസങ്ങള്‍ക്ക് മുന്‍പാണ് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഡി.എം.കെയില്‍നിന്നും അണ്ണാ ഡി.എം.കെയില്‍നിന്നും ആളെക്കൂട്ടിത്തന്നെയാവും തമിഴ്നാട്ടില്‍ ബി.ജെ.പി. കളം പിടിക്കുക. തമിഴ്നാട്ടില്‍ ഈ തിരഞ്ഞെടുപ്പല്ല, 2026-ലെ തിരഞ്ഞെടുപ്പാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിലേക്കുള്ള വഴി കൂടിയാണ് പുതുച്ചേരി. രണ്ട് ശതമാനം മാത്രം വോട്ടുള്ള ഇടത്ത് എങ്ങനെ സര്‍ക്കാരിനെ മറിച്ചിടാം എന്ന് ബി.ജെ.പി. രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചുകൊടുത്തു. ഇനി അത്തരമൊരു സ്ഥലത്ത് എങ്ങനെ സര്‍ക്കാര് രൂപീകരിക്കാമെന്നും മുഖ്യമന്ത്രിയാകാമെന്നും കാണിച്ചു തരും.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നാല്‍ പണവും പദ്ധതികളും എല്ലാം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായി മാഹിയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ. വി. രാമചന്ദ്രന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ ഒരു പാട് ദ്രോഹിച്ചിരുന്നെങ്കിലും ജനാധിപത്യത്തിന് വേണ്ടി ഉറച്ചു നില്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് സഖ്യത്തിന് വോട്ടുചെയ്യുമെന്നും പറഞ്ഞാണ് രാമചന്ദ്രന്‍ സഭയിലേയ്ക്ക് പോയത്.
'വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍(കോണ്‍ഗ്രസ് സഖ്യം) 16 സീറ്റിലും അവര്‍ 14 സീറ്റിലും വിജയിച്ചെന്ന് കരുതുക. ഞങ്ങളെയല്ലെ ജനങ്ങല്‍ തിരഞ്ഞെടുത്തത്? ഞങ്ങള്‍ക്കല്ലേ ഭരിക്കാനുള്ള അവകാശം? പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന മൂന്ന് ബിജെപിക്കാര്‍ വന്ന് സര്‍ക്കാരിനെ, ജനഹിതത്തെ വീണ്ടും അട്ടി മറിക്കില്ലെ? ഇതിലെവിടെയാണ് ജനാധിപത്യം? ഇത് ജനാധിപത്യത്തിന്റെ വ്യഭിചാരമാണ്' എന്ന് നിയമസഭയില്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞാണ് നാരായണസ്വാമി എം.എല്‍.എമാരോടൊപ്പം സഭവിട്ടിറങ്ങിയത്.
പുതുച്ചേരിയില്‍ മുഴങ്ങി നില്‍ക്കുന്നുണ്ട്, ഇതിലെവിടെയാണ് ജനാധിപത്യം എന്ന നാരായണസ്വാമിയുടെ ചോദ്യം.
Content Highligts: Puducherry cries loudly, Where's Democracy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..