പുതുച്ചേരി: ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണുമെന്ന് റിപ്പോര്‍ട്ട്. ലഫ്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ അദ്ദേഹം വെള്ളിയാഴ്ച രാഷ്ട്രപതിക്ക് കൈമാറുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഫ്. ഗവര്‍ണറായ കിരണ്‍ ബേദി പുതുച്ചേരിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ദൈനംദിന ഭരണത്തില്‍ ഇടപെടുകയാണെന്നും മുഖ്യമന്ത്രി നാരായണസാമി ആരോപിച്ചു.
ലഫ്റ്റന്റ് ഗവര്‍ണറുടെ അംഗീകാരത്തിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളോട് നിഷേധാത്മക മനോഭാവം പുലര്‍ത്തുന്ന കിരണ്‍ ബേദിക്കെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഡെമോക്രാറ്റിക് സെക്കുലര്‍ നേതാക്കള്‍ അടുത്തിടെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സൗജന്യ അരിവിതരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉള്‍പ്പെടെ കിരണ്‍ ബേദിയുടെ നിഷേധാത്മക നിലപാടിനെതിരേ നേരത്തെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
രാഷ്ട്രപതിയുമായി വെള്ളിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ പുതുച്ചേരി കൃഷി മന്ത്രി ആര്‍. കമലകണ്ണന്‍, ക്ഷേമകാര്യ മന്ത്രി എം. കണ്ഠസാമി, ആരോഗ്യമന്ത്രി മല്ലഡി കൃഷ്ണ റാവു, എംപി വൈതിലിംഗം എന്നീ നേതാക്കളും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
content highlights: Puducherry CM to meet President, seek recall of Lt Governor Kiran Bedi: Report