പുതുച്ചേരി: സൗജന്യ അരിവിതരണവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുതുച്ചേരി മുഖ്യമന്ത്രിയും ലഫ്. ഗവര്‍ണറും ഏറ്റുമുട്ടുന്നു. മുഖ്യമന്ത്രി വി നാരായണസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഗവര്‍ണര്‍ക്കും എതിരെ ഹൈക്കോടതിയിലേക്ക്. സൗജന്യ അരിക്ക് പകരം പണം വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും.

2016ല്‍ അധികാരമേറ്റയുടന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ അരി വിതരണ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങള്‍ക്ക് അരി വിതരണം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് അനുമതി നല്‍കിയിരുന്നതായി നാരായണ സ്വാമി വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിനിര്‍ദേശം നല്‍കിയാല്‍ ഉടന്‍ അനുമതി നല്‍കാമെന്ന് മന്ത്രാലയം ഉറപ്പുനല്‍കിയാതായും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയ്ക്ക് അയച്ചെങ്കിലും അനുമതി നിഷേധിച്ചതായും പകരം ഉപഭോക്താക്കള്‍ക്ക് പണം അക്കൗണ്ടില്‍ നല്‍കാന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ വഴങ്ങാതെ വന്നതോടെ ഗവണര്‍ ഫയല്‍ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. പക്ഷേ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് കടകവിരുദ്ധമായ ഉത്തരവാണ് മന്ത്രാലയം പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിക്കുന്നത്.

പൊതുജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക എന്നത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അരിയില്‍ ഗുണനിലവാരക്കുറവുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും  ആന്ധ്രപ്രദേശും കര്‍ണാടകയും ഇത്തരത്തില്‍ അരി സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Content Highlight: Puducherry CM moves High Court against L-G Kiran Bedi