പുതുച്ചേരി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദി അതിരുകടന്ന രാഷ്ട്രീയഇടപെടല്‍ നടത്തുന്നുവെന്നാരോപിച്ച് ഭരണകക്ഷിയായ കോണ്‍ഗ്രസും സഖ്യകക്ഷികളും രാജ്നിവാസിന് മുന്നില്‍ ധര്‍ണ തുടരുന്നു. രാജ്നിവാസിന്റെ മൂന്നു കവാടങ്ങളിലുമായി നിരവധി പ്രവര്‍ത്തകര്‍ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. കിരണ്‍ബേദിയില്‍ നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നതുവരെ ധര്‍ണ തുടരുമെന്ന് മുഖ്യമന്ത്രി വി. നാരായണസാമി പറഞ്ഞു.

ഇക്കഴിഞ്ഞദിവസം ട്രാഫിക് നിയമങ്ങള്‍ പോലീസ് കര്‍ക്കശമാക്കിയതിനുപിന്നിലെ ഗവര്‍ണറുടെ ഇടപെടല്‍ ഭരണകക്ഷിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ സാവകാശമാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലിച്ചില്ല. ഇതിനകം പതിനായിരത്തിലധികം പേര്‍ക്കെതിരേ നിയമലംഘനത്തിന് കേസെടുത്തു. മുഖ്യമന്ത്രി കറുത്ത മുണ്ടും ഷര്‍ട്ടും ഷാളും ധരിച്ചാണ് ധര്‍ണയില്‍ പങ്കെടുത്തത്. 

മന്ത്രിമാരും എം.എല്‍.എ.മാരും കറുപ്പു വസ്ത്രം ധരിച്ചു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ എ. നമശിവായം, എം. കന്ദസ്വാമി, വി. വൈദ്യലിംഗം, കമലക്കണ്ണന്‍, എം.ഒ.എച്ച്. ഷാജഹാന്‍, കെ. ലക്ഷ്മി നാരായണന്‍ എം.എല്‍.എ., ജോണ്‍കുമാര്‍, എം. ധനവേല്‍. ഇടതുകക്ഷി നേതാക്കളായ ടി. മുരുകന്‍, വിശ്വനാഥന്‍. വി.സി.കെ. പ്രതിനിധികള്‍ പങ്കെടുത്തു. 

കിരണ്‍ബേദിയുടെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്തുക, സാമൂഹികമാധ്യമങ്ങളിലെ തെറ്റായ പ്രചാരണം അവസാനിപ്പിക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുക, സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നത് അവസാനിപ്പിക്കുക, കേന്ദ്രഫണ്ട് തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ധര്‍ണയില്‍ മുദ്രാവാക്യമായി ഉയര്‍ന്നത്. ധര്‍ണയ്ക്കിടെ പോലീസും, കളക്ടറും മുഖേന ഗവര്‍ണര്‍ക്ക് പരാതി എത്തിച്ചുവെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ല. പകരം മുഖ്യമന്ത്രിയെമാത്രം ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു.

Content Highlights: puducherry cm and ministers protest against governor kiran bedi