ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വസിക്കാന്‍ ജനങ്ങള്‍ ഇപ്പോഴും തയ്യാറായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷക നിയമങ്ങള്‍ ഔദ്യോഗികമായി പിന്‍വലിക്കുംവരെ കര്‍ഷകര്‍ സമരം തുടരുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം. 

"പൊള്ളവാക്കുകളില്‍ നിന്ന് ഏറെ അനുഭവിച്ചിട്ടുള്ള ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. കര്‍ഷക സമരം തുടരും", രാഹുല്‍ ട്വീറ്റ് ചെയ്തു. 

പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വിശാല യോഗത്തിലാണ് തീരുമാനം.

മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കുക, സമരക്കാര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കുക, സമരത്തിനിടെ മരിച്ചവരുടെ കാര്യം പരിഗണിക്കുക തുടങ്ങിയ ആവിശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Public not ready to believe in PM Modi: Rahul Gandhi on farm laws