ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുന്‍ സര്‍ക്കാരുകള്‍ക്കെതിരേ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്‍ കാലങ്ങളില്‍ ഭരിച്ചിരുന്നവര്‍ സംസ്ഥാനത്തെ പൊതുജനങ്ങളുടെ പണം ഉപയോഗിച്ചിരുന്നത് കബര്‍സ്ഥാനുകള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ ഇപ്പോള്‍ ആ പണം ഉപയോഗിച്ച് ക്ഷേത്രങ്ങളുടെ വികസനം നടത്തുകയാണെന്ന് യോഗി പറഞ്ഞു. 

ഉത്തര്‍പ്രദേശില്‍ കോവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിരുന്നത് നവംബര്‍ മാസത്തോടെ അവസാനിക്കും. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി ഇത് മാര്‍ച്ച് മാസം വരെ തുടരാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം ഒരു പൊതുചടങ്ങില്‍ സംസാരിക്കവേ കൂട്ടിച്ചേര്‍ത്തു.  പദ്ധതി കാലാവധി നീട്ടുന്നതിലൂടെ സംസ്ഥാനത്തെ 15 കോടി പാവപ്പെട്ടവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നും യോഗി പറഞ്ഞു.

സംസഥാനത്ത് 661 കോടി രൂപ ചിലവ് വരുന്ന വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും യോഗി നിര്‍വഹിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്ത് 500ല്‍ അധികം ക്ഷേത്രങ്ങളുടെ വികസനം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയ് ശ്രീറാം എന്ന് വിളിക്കുന്നത് കുറ്റമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ശക്തിക്ക് മുന്നില്‍ എല്ലാവരും വണങ്ങുന്നു- യോഗി പറഞ്ഞു.

Content Highlights: public money is now used for development of temples says yogi adityanath