ന്യൂഡൽഹി: പബ്ജി ഗെയിം ഇന്ത്യയിൽ തിരിച്ചുവരുന്നു. പബ്ജി കോർപ്പറേഷനാണ് 'പബ്ജി മൊബൈൽ ഇന്ത്യ' എന്ന പേരിൽ പുതിയ ഗെയിം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉടൻ തന്നെ പുതിയ ഗെയിം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും ഇന്ത്യൻ വിപണിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പബ്ജി ഗെയിമാണിതെന്നും കമ്പനി അറിയിച്ചു.

പബ്ജിയുടെ ഇന്ത്യയിലെ പ്രവർത്തനം കൈകാര്യം ചെയ്തിരുന്ന ടെൻസന്റ് ഗെയിംസുമായുള്ള കരാർ പബ്ജി കോർപ്പറേഷൻ പൂർണമായും അവസാനിപ്പിച്ചിട്ടുണ്ട്. ഇതോടെ നേരത്തെയുണ്ടായിരുന്ന പബ്ജി ഗെയിം ഉപഭോക്താക്കൾക്ക് ലഭ്യമാകില്ല.

പുതിയ ഗെയിം പൂർണമായും പ്രാദേശിക ചട്ടങ്ങൾ പാലിച്ചുള്ളതാകുമെന്നും ഉപഭോക്താക്കൾക്ക് ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതാണെന്നും പബ്ജി കോർപ്പറേഷൻ പറയുന്നു. ഡാറ്റ സ്റ്റോറേജ് സംവിധാനങ്ങളിൽ കമ്പനി നിരന്തരമായ പരിശോധന നടത്തുകയും ഡേറ്റ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഇതോടൊപ്പം ഉള്ളടക്കത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായാണ് പുതിയ പബ്ജി ഗെയിം എത്തുക. പ്രാദേശികമായ ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയിലാകും ഉള്ളടക്കം മെച്ചപ്പെടുത്തുക. ഗെയിമിലെ കഥാപാത്രങ്ങൾ, വസ്ത്രധാരണം, ഹിറ്റ് ഇഫക്ട്, വിർച്വൽ സിമുലേഷൻ ട്രെയിനിങ് ഗ്രൗണ്ട് എന്നിവയിലടക്കം മാറ്റങ്ങളുണ്ടാകും. പ്രായം കുറഞ്ഞ ഉപഭോക്താക്കൾക്ക് ഗെയിം കളിക്കുന്ന സമയം നിയന്ത്രിക്കുന്ന സംവിധാനവും പുതിയ ഗെയിമിലുണ്ടാകും.

പുതിയ പബ്ജി അവതിരിപ്പിക്കുന്നതിനൊപ്പം ഇന്ത്യയിൽ പുതിയ ഓഫീസ് ആരംഭിക്കാനും പബ്ജി കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. ഉപഭോക്താക്കളുമായുള്ള ആശയവിനിമയവും ഗെയിമിങ് സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനടക്കമാണ് പുതിയ ഓഫീസ് ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്നത്. പബ്ജി കോർപ്പറേഷനും മാതൃകമ്പനിയായ ക്രാഫ്റ്റോണും ഇന്ത്യയിൽ ഏകദേശം 746 കോടി രൂപയുടെ നിക്ഷേപമാണ് നടത്താനുദ്ദേശിക്കുന്നത്. പ്രാദേശിക വീഡിയോ ഗെയിം, ഇ-സ്പോർട്സ്, വിനോദം, ഐടി മേഖലകളിലായിരിക്കും കമ്പനി പണംമുടക്കുക. അതേസമയം പുതിയ ഗെയിം പുറത്തിറക്കുന്ന തീയതി കമ്പനി വ്യക്തമാക്കിയിട്ടില്ല.

സെപ്റ്റംബറിലാണ് പബ്ജി അടക്കമുള്ള ഗെയിമുകളും ചൈനീസ് ആപ്പുകളും കേന്ദ്രസർക്കാർ നിരോധിച്ചത്. പബ്ജി കോർപ്പറേഷൻ കൊറിയൻ കമ്പനിയാണെങ്കിലും ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്നത് ചൈനീസ് കമ്പനിയായ ടെൻസെന്റായിരുന്നു. ഇതാണ് നിരോധനത്തിന് കാരണമായത്.

Content Highlights:pubg mobile game coming back to india pubg corporation announced they will launch pubg mobile india