സിദ്ദു, അമരീന്ദർ സിങ് (ഫയൽ ചിത്രം) |ഫോട്ടോ: PTI
ഛണ്ഡീഗഢ്: താന്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നുള്ള സൂചനകള്‍ നല്കിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. താന്‍ മറ്റേതെങ്കിലും പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ അദ്ദേഹം അമരീന്ദര്‍ സിങിനെ വെല്ലുവിളിച്ചു.
താന്‍ ആരോടും ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ തനിക്ക് ക്യാബിനറ്റ് ബെര്‍ത്ത് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും അമൃത്സര്‍ എംഎല്‍എ കൂടിയായ സിദ്ദു പറഞ്ഞു.
അമരീന്ദര്‍ സിങുമായി സിദ്ദു ദീര്‍ഘനാളായി അഭിപ്രായഭിന്നതയിലാണ്. ഇതേ തുടര്‍ന്നാണ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. ഒരിടവേളക്ക് ശേഷം ഇരുവരും തമ്മിലുള്ള വാക്പോര് വീണ്ടും തുടങ്ങിയിരിക്കുകയാണ്.
മതഗ്രന്ഥം അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് 2015-ല്‍ നടന്ന പ്രതിഷേധത്തിന് നേരെ കോട്കപുരയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം പഞ്ചാബ്-ഹരിയാണ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സിദ്ദു അമരീന്ദര്‍ സിങിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇതിനോട് അമരീന്ദര്‍ സിങ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സിദ്ദുവിന്റെ പരാമര്‍ശം പൂര്‍ണ്ണമായും അച്ചടക്കലംഘനമാണെന്നും ആം ആദ്മി പാര്‍ട്ടിയിലേക്ക് പോകാന്‍ അമരീന്ദര്‍ സിദ്ദുവിനോട് നിര്‍ദേശിക്കുകയും ചെയ്തു.
ഇതോടെയാണ് സിദ്ദു പ്രകോപിതനായി ട്വിറ്ററിലൂടെ രംഗത്തെത്തിയത്. 'മറ്റൊരു പാര്‍ട്ടിയുടെ ഏതെങ്കിലും നേതാവുമായി ഞാന്‍ നടത്തിയ ഒരു കൂടിക്കാഴ്ച തെളിയിക്കാന്‍ കഴിയുമോ, ഇന്നുവരെ ഞാന്‍ ആരോടും ഒരു പോസ്റ്റും ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ നോക്കുന്നത് പഞ്ചാബിന്റെ അഭിവൃദ്ധി മാത്രമാണ് നിരവധി തവണ ക്ഷണിക്കുകയും കാബിനറ്റ് ബെര്‍ത്ത് വാഗ്ദാനം ചെയ്യുകയും ചെയ്തു, പക്ഷേ ഞാന്‍ സ്വീകരിച്ചില്ല. ഇപ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കമാന്‍ഡ് ഇടപെട്ടു, കാത്തിരിക്കും' സിദ്ദു ട്വീറ്റില്‍ കുറിച്ചു.
2019-ലാണ് സിദ്ദു അമരീന്ദര്‍ സിങിന്റെ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്ന് കേന്ദ്ര നേതൃത്വം ഇടപ്പെട്ട് അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ എത്തിക്കാനുള്ള നീക്കങ്ങളും നടത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..