കൊല്‍ക്കത്ത: രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ച് സ്‌കൂളിനു മുന്നില്‍ രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു.

സ്‌കൂളിലെ നൃത്താധ്യാപകനാണ് ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഉപദ്രവിച്ചുകൊണ്ടിരുന്നത്. വിവരം പുറത്തു പറഞ്ഞാല്‍ ജീവനോടെ കുഴിച്ചുമൂടുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അധ്യാപകനെ ഭയന്ന് കാര്യങ്ങള്‍ ആരോടും പറയാതിരുന്ന കുട്ടി കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചു. മാതാപിതാക്കളുടെ സമ്മര്‍ദ്ദം കൂടിവന്നതോടെ കുട്ടി കഴിഞ്ഞ ദിവസം വിവരം അമ്മയോട് പറയുകയായിരുന്നു.

വിവരമറിഞ്ഞ മാതാപിതാക്കള്‍ സ്‌കൂളിലെത്തുകയും അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, അനുകൂല നടപടിയല്ല സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം പുറത്തറിയാതിരിക്കാന്‍ കൂട്ടുനിന്ന സ്‌കൂള്‍ അധികൃതര്‍ക്കും പ്രിന്‍സിപ്പലിനും എതിരെ നടപടി ആവശ്യപ്പെട്ടാണ് രക്ഷകര്‍ത്താക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം സമാന രീതിയിലുള്ള സംഭവം മറ്റൊരു സ്‌കൂളില്‍ ഉണ്ടായപ്പോള്‍ ഇവിടെയും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് രക്ഷകര്‍ത്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സ്‌കൂള്‍ മാനേജ്മെന്റ് അവഗണിക്കുകയായിരുന്നെന്നും പ്രതിഷേധത്തിനെത്തിയവര്‍ ആരോപിച്ചു.