ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ നോട്ടിഫിക്കേഷന്‍ 2020) വിജ്ഞാപനത്തിനെതിരെയുള്ള പ്രതിഷേധം അനാവശ്യവും അനവസരത്തിലുമുള്ളതാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍.

2016-ലെ വിജ്ഞാപനം റദ്ദാക്കിയുള്ള പുതിയ കരടില്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന. കരടിനെതിരെ സാമൂഹി മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. 

'നിയമപ്രകാരം പരാതിപ്പെടാന്‍ 60 ദിവസം മാത്രമേ നല്‍കാവൂ, എന്നാല്‍ കോവിഡ് കാരണം ഞങ്ങളിത് 150 ദിവസം വരെ നീട്ടി. ആയിരക്കണക്കിന് ആളുകള്‍ അവരുടെ അഭിപ്രായങ്ങള്‍ അയച്ചിട്ടിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്ക് അമിത വ്യഗ്രതയാണ്. അതുകൊണ്ടു തന്നെ അവര്‍ പ്രതിഷേധിക്കുന്നു. കരടിന്റെ പേരിലുള്ള എടുത്തചാട്ടം ന്യായമല്ല. ഇതിപ്പോള്‍ ഒരു കരട് മാത്രമാണ്. വിവിധ കാഴ്ചപാടുകള്‍ ഞങ്ങള്‍ അംഗീകരിക്കും. തുടര്‍ന്ന് ഇത് അന്തിമമാക്കും' ജാവഡേക്കര്‍ പറഞ്ഞു.

പരിസ്ഥിതി സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ ജനങ്ങളോട് ആലോചിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം ഞാന്‍ ജയറാം രമേശിനയച്ച മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം അനാവശ്യവും അനവസരത്തിലുമുള്ളതാണെന്നും മന്ത്രി പറഞ്ഞു.

മുന്‍ പരിസ്ഥിതി മന്ത്രിയായ ജയറാം രമേശ് വിജ്ഞാപനത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധത്തിന് തുടക്കമിട്ടിരുന്നു. ഇതിനോടായിരുന്നു ജാവഡേക്കറുടെ പ്രതികരണം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ഇ.ഐ.എ വിജ്ഞാപനത്തിനെതിരെ രംഗത്തുണ്ട്.

Content Highlights: Protests Against Draft EIA is 'Unnecessary & Premature-Javadekar