കൊല്‍ക്കത്ത: രാജ്ഭവനു മുന്നിലെ പ്രതിഷേധങ്ങളില്‍ വിശദീകരണം ആരാഞ്ഞ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കൊല്‍ക്കത്ത പോലീസ് മേധാവിക്ക് കത്തയച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്ഭവന്റെ പ്രധാന ഗേറ്റിനു മുന്നില്‍ പോലും ക്രമസമാധാന നില ആശങ്കാജനകമായ അവസ്ഥയിലാണെന്നും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ കൂടിയും പോലീസിന് ഇഷ്ടമുള്ളവരെയെല്ലാം കറങ്ങി നടക്കാന്‍ അനുവദിക്കുകയാണെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും കൊല്‍ക്കത്ത പോലീസിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്. 

നാരദ കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ മന്ത്രിമാരെയും എം.എല്‍.എമാരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെമ്പാടും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ രാജ്ഭവനു മുന്നില്‍ ഒരുപറ്റം ചെമ്മരിയാടുകളുമായി കൊല്‍ക്കത്ത നാഗരിക് മഞ്ച എന്ന സംഘടന പ്രതിഷേധിക്കാനെത്തിയതാണ് ഗവര്‍ണറെ കുപിതനാക്കിയതെന്നാണ് സൂചന. ചൊവ്വാഴ്ച രാജ്ഭവന്റെ നോര്‍ത്ത് ഗേറ്റിനു മുന്നിലായിരുന്നു സംഘടനയുടെ ആടുകളെയും കൊണ്ടുള്ള പ്രതിഷേധം. ചൊവ്വാഴ്ച ഗവര്‍ണറുടെ ജന്മദിനം കൂടിയായിരുന്നു.

ഒരു പുരുഷന്‍ ആറോളം ചെമ്മരിയാടുകളുമായി നോര്‍ത്ത് ഗേറ്റിനു മുന്നിലെത്തി തടസ്സം സൃഷ്ടിക്കുകയും മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും പോസ് ചെയ്യുകയും ചെയ്തായും ഗവര്‍ണര്‍ കൊല്‍ക്കത്ത പോലീസ് മേധാവിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പോലീസുകാര്‍ ഇത് കണ്ടുകൊണ്ട് നിന്നെന്നും രാജ്ഭവനു മുന്നില്‍ തടസ്സം സൃഷ്ടിച്ച ഇദ്ദേഹത്തെ മാറ്റാന്‍ പോലീസ് തയ്യാറായില്ലെന്നും ഗവര്‍ണര്‍ പറയുന്നു. അതേസമയം തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ബംഗാളിലെ മോശമായിക്കൊണ്ടിരിക്കുന്ന കോവിഡ് സാഹചര്യത്തിനെതിരെ ആയിരുന്നു പ്രതിഷേധമെന്നും കൊല്‍ക്കത്ത നാഗരിക മഞ്ച പറഞ്ഞു. 

മൂന്ന് ടി.എം.സി. എം.എല്‍.എമാരെയും കൊല്‍ക്കത്ത മുന്‍മേയര്‍ സോവന്‍ ചാറ്റര്‍ജിയെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി മേയ് ഏഴിനാണ് ഗവര്‍ണര്‍ നല്‍കിയത്. ഇതിനു പിന്നാലെയാണ് സി.ബി.ഐ. കുറ്റപത്രം പൂര്‍ത്തിയാക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. 

content highlights: protestors comes with sheep in front of west bengal rajbhavan