താരങ്ങൾ ഹരിദ്വാറിൽ എത്തിയപ്പോൾ | Photo: PTI
ഹരിദ്വാര്‍: ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ഹരിദ്വാറിലെത്തി. സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമടക്കമുള്ള താരങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നു. വൈകാരികമായ ദൃശ്യങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. ഗുസ്തി താരങ്ങള്‍ കണ്ണീരണിഞ്ഞാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ എത്തിയത്.
മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കരഞ്ഞാണ് ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തിയത്. താരങ്ങള്‍ ഹരിദ്വാറില്‍ പ്രവേശിക്കുന്നതോ ഗംഗയില്‍ മെഡലുകള്‍ ഒഴുക്കുന്നതിനോ തടസ്സമുണ്ടാവില്ലെന്ന് ഹരിദ്വാര്‍ പോലീസ് അറിയിച്ചിരുന്നു. താരങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തടയാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിങ് അറിയിച്ചിരുന്നു. താരങ്ങള്‍ക്ക് പിന്തുണയുമായി ഹരിദ്വാറിലേക്ക് ആള്‍ക്കൂട്ടമൊഴുകി.
അതേസമയം, അനുനയ നീക്കവുമായി കര്‍ഷക നേതാക്കളെത്തി. ഹരിദ്വാറിലെത്തിയ കര്‍ഷക നേതാവ് നരേഷ് ടികായത്ത് താരങ്ങളില്‍ നിന്ന് മെഡലുകള്‍ ഏറ്റുവാങ്ങി. പ്രശ്‌നപരിഹാരത്തിന് അഞ്ചുദിവസത്തെ സാവകാശം ഇവര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധിക്കുന്ന താരങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയുടെ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയിയെന്ന് കുംബ്ലെ പ്രതികരിച്ചു. ശരിയായ സംവാദങ്ങളിലൂടെ എന്തിനും പരിഹാരമുണ്ടാക്കാം. ഗുസ്തി താരങ്ങളുടെ ആവശ്യങ്ങളില്‍ എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അനില്‍ കുംബ്ലെ ട്വീറ്റ് ചെയ്തു.
എം.പി. കൂടിയായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രില്‍ 21 മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തിവരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികപിഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു താരവും ഉള്‍പ്പെടും. ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകള്‍ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തു.
Content Highlights: protesting wrestlers reaches haridwar immerse medals


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..