ബ്രിജ് ഭൂഷൺ സിങ്. Photo: ANI
ന്യൂഡൽഹി: സമരംചെയ്യുന്ന ഗുസ്തി താരങ്ങളുടെ ആവശ്യങ്ങളും ഭാഷയും നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്ന് ലൈംഗികാതിക്രമ പരാതി നേരിടുന്ന ദേശീയ റെസ്‌ലിങ് ഫെഡറേഷന്‍ മുൻ പ്രസിഡന്റും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിങ്.
'ലൈംഗികാതിക്രമ പരാതിയിൽ ഡൽഹി പോലീസിന്റെ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അവർ അത് പൂർത്തീകരിക്കട്ടെ. കൈകൂപ്പി ഞാൻ ആവശ്യപ്പെടുകയാണ്, എന്നോട് അനാവശ്യമായ ചോദ്യങ്ങളൊന്നും ചോദിക്കരുത്', ബ്രിജ് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഡൽഹി പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞാൽ തൂങ്ങിമരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു.
'ജന്ദർ മന്തറിൽ വെച്ച് ജനുവരി 18-ന് ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ ചില ആവശ്യങ്ങൾ അവർ മുന്നോട്ട് വെച്ചിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം അവരുടെ ആവശ്യങ്ങൾ മാറി. എന്താണ് ഞാൻ അവരോട് ചെയ്തത്? എവിടെവെച്ചാണ് ചെയ്തത് എന്ന കാര്യം വനിതാ ഗുസ്തി താരങ്ങളോട് ഞാൻ ചോദിക്കുകയാണ്', ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
അതേസമയം, ബ്രിജ് ഭൂഷണെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത എ.എൻ.ഐ. അടക്കമുള്ള വാർത്താ ഏജൻസികൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടായിരുന്നു പുറത്തുവന്നത്. പതിനഞ്ച് ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് ഡൽഹി പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് ട്വീറ്റ് ചെയ്തെങ്കിലും മിനിറ്റുകൾക്കുള്ളിൽ തന്നെ ഈ ട്വീറ്റ് പിൻവലിച്ചിരുന്നു.
Content Highlights: Protesting wrestlers are changing their demands WFI chief Brij Bhushan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..