ന്യൂഡല്‍ഹി:  ജാതി സംവരണത്തിനെതിരെ സവര്‍ണ സമുദായങ്ങളുടെ കൂട്ടായ്മ പ്രഖ്യാപിച്ച ഭാരത ബന്ദ് ഇന്ന്. ജാട്ട്, ഗുജ്ജര്‍, ബ്രാഹ്മിണ്‍, രജപുത്ര തുടങ്ങിയ  സമൂദായസംഘടനകളുടെ കൂട്ടായ്മയായ സര്‍വസമാജ് എന്ന സംഘടനയാണ് ബന്ദ് നടത്തുന്നത്. സാമൂഹികമാധ്യങ്ങളിലൂടെയാണ് ബന്ദിന് ആഹ്വാനം നടത്തിയത്.

ഭാരതബന്ദിന് ആഹ്വാനംചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളോട് മുന്‍കരുതലെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. ഏപ്രില്‍ രണ്ടിലെ ഭാരത ബന്ദില്‍ പരക്കേ അക്രമവും ആളപായവും നാശനഷ്ടവുമുണ്ടായ സാഹചര്യത്തിലാണ് ജാഗ്രതാനിര്‍ദേശം. നിരോധനാജ്ഞ പ്രഖ്യാപിച്ചും ആവശ്യമെങ്കില്‍ നേതാക്കളെ കരുതല്‍ തടങ്കലില്‍ വെച്ചും അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയണമെന്നാണ് കേന്ദ്രനിര്‍ദ്ദേശം. 

വിദ്യാഭ്യാസം, തൊഴില്‍ മേഖലകളിലെ ജാതിസംവരണം എടുത്തുകളയണമെന്നാവശ്യപ്പെട്ടും ഏപ്രില്‍ രണ്ടിന് ദളിത് സംഘടനകള്‍ നടത്തിയ ബന്ധില്‍ ഉണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിക്കാനും കൂടിയാണ് ബന്ദ് പ്രഖ്യാപിച്ചത്. ഹിന്ദു സമുദായത്തിലെ സവര്‍ണ സമുദായങ്ങളുടെ വേദിയായ സര്‍വ സമാജ് ജയ്പൂര്‍ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ബന്ദിനെ പിന്തുണച്ച രജപുത്ര് കര്‍ണിസേന ജയ്പൂരില്‍ റാലി നടത്തും. 

പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. 

തങ്ങളുടെ അധികാരപരിധിയില്‍ ക്രമസമാധാനം ഉറപ്പാക്കേണ്ടത് ജില്ലാ മജിസ്ട്രേറ്റുകളുടെയും പോലീസ് മേധാവികളുടെയും ഉത്തരവാദിത്വമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ ഓര്‍മിപ്പിച്ചു. പ്രശ്നബാധിത മേഖലകളില്‍ പട്രോളിങ് ശക്തമാക്കാനും വസ്തുനാശവും ആളപായവും ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.