ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പോയ്സ് ഗാര്‍ഡനിലെ വസതിക്കു മുന്നില്‍ തമിഴര്‍ മുന്നേറ്റ പടൈ എന്ന തമിഴ് സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു.

തമിഴനല്ലാത്തയാള്‍ തമിഴ് രാഷ്ട്രീയത്തില്‍ വേണ്ട എന്ന് ആവശ്യപ്പെട്ടാണ് തമിഴര്‍ മുന്നേറ്റ പടൈ പ്രതിഷേധം നടത്തുന്നത്. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. 

കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ആരാധകരുമായി നടത്തിയ സംവാദങ്ങളിലെ പാരാമര്‍ശങ്ങള്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്‍കിയിരുന്നു. അദ്ദേഹം മോദിയെയും അമിഷ് ഷായെയും കാണുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിനിടയിലാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. 

രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കള്‍ വന്നതോടെ രജനി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കര്‍ണാടക സ്വദേശിയാണ് രജനീകാന്തിന്റെ യഥാര്‍ത്ഥ പേര് ശിവാജി റാവു ഗെയ്ക്വാദ് എന്നാണ്.