മുംബൈ: ലോക്ക്ഡൗണിനു ശേഷം ക്ഷേത്രങ്ങള്‍ തുറക്കാന്‍ ശിവസേന സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി. നേതാക്കള്‍ പ്രകടനം നടത്തി . മുംബൈ, നാഗ്പുര്‍, ശിര്‍ദി, കൊല്‍ഹാപുര്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം അരങ്ങേറുന്നത്.

"ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അങ്ങനെയങ്കില്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയാല്‍ എന്താണ് പ്രശ്‌നം?" എന്നാണ് ഉദ്ദവ് താക്കറെ സര്‍ക്കാരിനോട് ബി.ജെ.പി. നേതാക്കള്‍ ചോദിക്കുന്നത്.

കോവിഡ് ലോക്ക്ഡൗണിനു ശേഷം മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് കുറച്ച് ഇളവ് നല്‍കാന്‍ തുടങ്ങിയയുടനെ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ബി.ജെ.പിയും ശിവസേനയും തമ്മില്‍ നിരന്തരം വാക്കുതര്‍ക്കവുമുണ്ടായിരുന്നു

സാമൂഹിക അകലം പാലിക്കാന്‍ ആളുകള്‍ക്ക് അറിയാമെന്ന് മഹാരാഷ്ട്ര  സര്‍ക്കാരിനെ ലക്ഷ്യമാക്കി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രസ്താവന ഇറക്കിയിരുന്നു. ബി.ജെ.പി. അംഗങ്ങള്‍ തന്നെ സാമൂഹ്യ അകല മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ തന്നെ ഒരു പരിപാടി ചൂണ്ടിക്കാട്ടി ശിവസേന തിരിച്ചടിച്ചത്.

content highlights: protest in parts of Maharashtra demanding temple reopening by BJP leaders