ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിന് രാജ്യവ്യാപക അറസ്റ്റ്. ചരിത്രകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, സ്വരാജ് ഇന്ത്യ സംഘടനയുടെ നേതാവ് യോഗേന്ദ്ര യാദവ്, ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ റിസ്‌വാന്‍ അര്‍ഷാദ് തുടങ്ങിയ പ്രമുഖരായ നേതാക്കളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധത്തിന്റെ ഭാഗമായി നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായത്.

ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ ബെംഗളൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ പിന്നീട് വിട്ടയച്ചു. നിരോധനാജ്ഞ ലംഘിച്ചെത്തിയ രാമചന്ദ്ര ഗുഹയെ മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തത്. മഹാത്മാ ഗാന്ധിയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ച് ഭരണഘടനയെപ്പറ്റി സംസാരിച്ചതിനാണ് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് രാമചന്ദ്ര ഗുഹ ആരോപിച്ചു.

ഡല്‍ഹിയില്‍ വെച്ചാണ് സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളുടെ ജനറല്‍ സെക്രട്ടറിമാരായ സീതാറാം യെച്ചൂരി, ഡി. രാജ, സ്വരാജ് ഇന്ത്യ സംഘടനയുടെ നേതാവ് യോഗേന്ദ്ര യാദവ് , ഇടത് സംഘടനാ നേതാക്കളായ നിലോപ്തല്‍ ബസു, ബ്രിന്ദ കാരാട്ട് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത്. ഡല്‍ഹിയിലെ മാന്‍ഡി ഹൗസിലെ പ്രക്ഷോഭങ്ങള്‍ക്കിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

നിരോധനാജ്ഞ പ്രഖ്യാപിച്ചും, ഗതാഗത സംവിധാനങ്ങളും വഴികളും അടച്ചിട്ടും ഡല്‍ഹിയിലെ പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. വന്‍ പോലീസ് സന്നാഹമാണ് ചെങ്കോട്ട, ചാര്‍മിനാര്‍, മാന്‍ഡി ഹൗസ്, ജാമിയ നഗര്‍, ബവാന തുടങ്ങിയ അടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.

ഡല്‍ഹിക്ക് പുറമെ കര്‍ണാടക, തെലങ്കാന, തെമിഴ്‌നാട്, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളിലും പ്രതിഷേധം വ്യാപിക്കുകയാണ്. അതീവ ജാഗ്ര പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള മൊബൈല്‍ സേവനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്.delhi

Content Highlights: protest aginst CAA , thousands of Arrest and prohibition order in all over India