ന്യൂഡല്‍ഹി: രാജ്യസഭയില്‍ അവതരിപ്പിച്ച കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരെ രാജ്യത്ത് പലയിടത്തും പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നു. രാജ്യസഭയില്‍ അവതരിപ്പിച്ചത് രാജ്യത്തെ കര്‍ഷകരുടെ മരണവാറണ്ട് ആണെന്നും അതില്‍ ഒപ്പിടാന്‍ തയ്യാറല്ലെന്നും കോണ്‍ഗ്രസ് രാജ്യസഭയില്‍ പറഞ്ഞു. വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്കുവേണ്ടിയാണ് രണ്ടു ബില്ലുകളും കൊണ്ടുവന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ ആരോപിച്ചു.
രണ്ടു ബില്ലുകള്‍ക്കും പ്രതിപക്ഷം നിരാകരണ പ്രമേയം നല്‍കിയിരുന്നു. കെ. കെ. രാഗേഷ്, എളമരം കരീം, എം.വി. ശ്രേയാംസ് കുമാര്‍, കെ. സി. വേണുഗോപാല്‍ തുടങ്ങിയവര്‍ ബില്ലിനെ എതിര്‍ത്തു. കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില നല്‍കുക എന്ന നിയമപരമായ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയാണ് ബില്ലിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബില്ലിലൂടെ മോദി രാജ്യത്തെ കര്‍ഷകരെ കോര്‍പറേറ്റുകളുടെ അടിമകളാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
പഞ്ചാബും ഹരിയാനയും അടക്കമുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാര്‍ഷിക ബില്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. ബില്‍ നിയമമായാല്‍ രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാവില്ലെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നും ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
मोदी सरकार के कृषि-विरोधी ‘काले क़ानून’ से किसानों को:
— Rahul Gandhi (@RahulGandhi) September 20, 2020
1. APMC/किसान मार्केट ख़त्म होने पर MSP कैसे मिलेगा?
2. MSP की गारंटी क्यों नहीं?
मोदी जी किसानों को पूँजीपतियों का ‘ग़ुलाम' बना रहे हैं जिसे देश कभी सफल नहीं होने देगा।#KisanVirodhiNarendraModi
രാജ്യസഭയില്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ബിജെപി ഇതര കക്ഷികള്‍ ഒരുമിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ബില്‍ പരാജയപ്പെടണമെന്നാണ് രാജ്യത്തെ കര്‍ഷകരെല്ലാം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അകാലി ദള്‍, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടാണ് രാജ്യസഭയില്‍ സ്വീകരിച്ചത്. ബിജെപി കര്‍ഷകര്‍ക്കായി നിരവധി നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും കാര്‍ഷിക ബില്ലുകള്‍ കോര്‍പറേറ്റ് അനുകൂലമാണെന്ന് അകാലി ദള്‍ അംഗം നരേഷ് ഗുജറാള്‍ പറഞ്ഞു. അതുകൊണ്ട് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സഭയില്‍ ബില്ലിന് അനുകൂല നിലപാട് സ്വീകരിക്കണമെന്ന് അകാലിദള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
Rajya Sabha: Opposition MPs in the well of the House raise slogans; Rajya Sabha Deputy Chairman Harivansh asks them to return to their seats pic.twitter.com/eBp194zrjQ
— ANI (@ANI) September 20, 2020
രാജ്യസഭയുടെ പരിഗണനയില്‍ ബില്‍ വരുന്നതിനിടയില്‍ ഹരിയാനയില്‍ കര്‍ഷകര്‍ റോഡുകള്‍ ഉപരോധിച്ച് വലിയ പ്രതിഷേധമാണ് നടത്തുന്നത്. സെപ്റ്റംബര്‍ 25ന് രാജ്യവ്യാപകമായ പ്രതിഷേധത്തിനും കര്‍ഷക സംഘടനകള്‍ തയ്യാറെടുക്കുകയാണ്. കൂടാതെ, ബില്ലിനെതിരായ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കാനും ആലോചിക്കുന്നുണ്ട്.
ഹരിയാനയും പഞ്ചാബും അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെ ഡല്‍ഹി പോലീസ് സംസ്ഥാനാതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. കര്‍ഷകരുടെ പ്രക്ഷോഭ പരിപാടികള്‍ തലസ്ഥാനത്തേയ്ക്ക് ഉണ്ടായേക്കാന്‍ ഇടയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടി എന്ന നിലയിലാണിത്.
കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് രാജ്യസഭയില്‍ ബില്ലുകള്‍ അവതരിപ്പിച്ചത്. കാര്‍ഷിക വിപണന നിയന്ത്രണം എടുത്തുകളയുന്ന ബില്ലും കരാര്‍ കൃഷി അനുവദിക്കുന്ന ബില്ലുമാണ് അവതരിപ്പിച്ചത്. ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകള്‍ പാസാക്കിയത്. ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി.
Content Highlights: protest against farm bill in rajysabha