ഹിമന്ത ബിസ്വ ശർമയ്‌ക്കെതിരെ നടന്ന പ്രതിഷേധം | Screengrab: ANI
ഹൈദരാബാദ്: തെലങ്കാനയില്‍ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വശർമയുടെ റാലിക്കിടെ സ്റ്റേജില്‍ കയറി പ്രതിഷേധം. ശര്‍മ പ്രസംഗിക്കുന്നതിനിടെ അപ്രതീക്ഷിതമായി സ്റ്റേജിലേക്ക് കയറി മൈക്ക് തട്ടിമാറ്റുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചന്ദ്രശേഖര്‍ റാവുവിന്റെ ടി.ആര്‍.എസ്. പാര്‍ട്ടി കൊടിയുടെ നിറമായ മജന്ത ഷാള്‍ ധരിച്ചാണ് ഒരാള്‍ പ്രതിഷേധിക്കാനെത്തിയത്.
ഗണേശോത്സവത്തിന്റെ ഭാഗമായി ഭാഗ്യനഗര്‍ ഗണേശോത്സവ സമിതിയുടെ അതിഥിയായാണ് ശര്‍മ തെലങ്കാനയിലെത്തിയത്. ഹൈദരാബാദിലെ ഗണേശ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ രൂക്ഷമായി ശര്‍മ വിമര്‍ശിച്ചിരുന്നു. ബിജെപി മുക്ത രാഷ്ട്രീയത്തേക്കുറിച്ചാണ് കെസിആര്‍ സംസാരിക്കുന്നത്. കുടുംബാധിപത്യം അവസാനിക്കാന്‍ പോകുന്നതിനെ കുറിച്ചാണ് ഞങ്ങള്‍ പറയുന്നത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കവെ അസം മുഖ്യമന്ത്രി പറഞ്ഞത്.
രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയാണ് സര്‍ക്കാരുകളുണ്ടാകേണ്ടത്, അല്ലാതെ ഒരു കുടുംബത്തിന് വേണ്ടിയല്ല- ഹിമന്ത് ബിസ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു. അതേസമയം, 2024-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ടിആര്‍എസ്-ബിജെപി വാക്‌പോര് രൂക്ഷമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ കടുത്ത വിമര്‍ശനമാണ് കെ.സി.ആര്‍ ഉന്നയിക്കുന്നത്. പൊതുതിരഞ്ഞെടുപ്പില്‍ മോദിക്കും ബിജെപിക്കും എതിരെ ഒരുമിച്ച് നില്‍ക്കാന്‍ വിവിധ കക്ഷികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: himanta biswa sarma, telangana, protest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..