കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് മെമ്മോറാണ്ടം കൈമാറുന്നു
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് കലാപം നടക്കുമ്പോള്‍ ഉചിതമായി ഇടപെടാന്‍ തയ്യാറാവാത്ത ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. രാംനാഥ് കോവിന്ദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സോണിയ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, നേതാക്കളായ അഹമ്മദ് പട്ടേല്‍, പി ചിദംബരം, കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി വദ്ര, ആനന്ദ് ശര്‍മ, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അമിത് ഷായുടെ രാജി ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിച്ചു.
സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനും ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിനും ഒരുപോലെയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സോണിയഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി ക്രമസമാധാന നില തിരിച്ചെത്തിക്കുന്നതിന് പകരം കേന്ദ്രവും ഡല്‍ഹിയില്‍ പുതുതായി അധികാരമേറ്റ കെജ്രിവാള്‍ സര്‍ക്കാരും സംഘര്‍ഷത്തിന് നിശബ്ദ കാണികളായി നില്‍ക്കുകയാണുണ്ടായെന്ന് സോണിയാഗാന്ധി ആരോപിച്ചു.
'രാജധര്‍മം' സംരക്ഷിക്കപ്പെടാനായി രാഷ്ട്രപതി തന്റെ അധികാരം ഉപയോഗിക്കണമെന്ന് രാഷ്ടപതിയോട് ആവശ്യപ്പെട്ടതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രതികരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നു, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവെച്ചൊഴിയണമെന്ന് സോണിയ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Content Highlights: Congress Leaders meets President Ramnath Kovind
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..