പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
ന്യൂഡൽഹി: ക്വാറന്റീൻ വിവാദത്തിൽ പുതിയ വിശദീകരണവുമായി യുകെ. ആസ്ട്രസെനകയുമായി സഹകരിച്ചു നിർമ്മിച്ച കോവിഷീൽഡ് വാക്സിൻ അംഗീകരിക്കുന്നു. എന്നാൽ ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ സംശയം നിലനിൽക്കുന്നുവെന്നുണ്ടെന്നാണ് ബ്രിട്ടന്റെ വിശദീകരണം. ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണെന്ന് യുകെ ഹൈക്കമ്മീഷണർ വ്യക്തമാക്കി.
ഇന്ത്യ നൽകുന്ന കോവിഡ് സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്താതെ നിർബന്ധിത ക്വാറന്റീൻ പിൻവലിക്കാൻ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയത്.
യുകെ മാനദണ്ഡപ്രകാരം കോവിഡ് സർട്ടിഫിക്കറ്റിൽ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാൽ ഇന്ത്യ സർട്ടിഫിക്കറ്റിൽ നൽകുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല എന്നാണ് യുകെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സർട്ടിഫിക്കറ്റ് തിരുത്തിയാൽ മാത്രമേ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കുകയുള്ളൂ എന്ന് ബ്രിട്ടൻ വ്യക്തമാക്കി.
തീരുമാനം പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇന്ത്യ യുകെയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോവിഷീൽഡ് വാക്സിന്റെ കാര്യത്തിൽ യുകെ ചെറിയ തോതിൽ നിലപാട് മാറ്റം വരുത്തിയത്. എന്നാൽ കോവിഡ് സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താതെ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കിയേക്കില്ലെന്നാണ് വിവരം.
ഇന്ത്യയിൽ നിന്ന് കോവിഡ് വാക്സിനെടുത്തവർ രാജ്യത്തെത്തിയാൽ പത്ത് ദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്ന നിർദ്ദേശം ബ്രിട്ടൻ പുറപ്പെടുവിച്ചിരുന്നു. യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്നും ബ്രിട്ടൻ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ ബ്രിട്ടനെതിരെ വിമർശനങ്ങളുയർന്നിരുന്നു. ഈ തീരുമാനം വംശവിവേചനമാണെന്നായിരുന്നു വിവിധ കോണിൽ നിന്നുയർന്ന വിമർശനം.
Content highlights: Problem Isn't Covishield But India's Vaccine Certificate - Says UK
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..