ന്യൂഡല്‍ഹി: പറുദീസാ രേഖകളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും തന്റെ മകനുമായ ജയ്ന്ത് സിന്‍ഹക്കെതിരേ അന്വേഷണം നടക്കുന്നതോടൊപ്പം സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷായ്‌ക്കെതിരേയും അന്വേഷണം നടക്കണമെന്ന് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നികുതി സംവിധാനമായ ജി.എസ്.ടി പൂര്‍ണമായും താളം തെറ്റിയതാണെന്നും ചെറിയ അറ്റകുറ്റപണി നടത്തിയാല്‍ ഇത് പരിഹരിക്കാനാവില്ലെന്നും മുന്‍ ധനകാര്യമന്ത്രി കൂടിയായിരുന്ന യശ്വന്ത് സിന്‍ഹ പറഞ്ഞു

'പറുദീസാ രേഖകളില്‍ ഉള്‍പ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളെ കുറിച്ചും അന്വേഷണം നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിനോടുള്ള തന്റെ നിര്‍ദേശം. അങ്ങനെയാണെങ്കില്‍ ബി.ജെ.പി അധികാരത്തിലേറ്റ ശേഷം അനധികൃത  സഹായം ജയ്ഷായ്ക്ക് ലഭിച്ചുവെന്നതിനെ കുറിച്ച് ഒരു സ്വതന്ത്രമായ അന്വേഷണം നടത്താൻ സര്‍ക്കാരിന് കഴിയും', അദ്ദേഹം കൂട്ടിച്ചേർത്തു.

ദ് വയര്‍ വെബ്‌സൈറ്റായിരുന്നു ജയ്ഷായ്‌ക്കെതിരെ വാര്‍ത്ത പുറത്ത് വിട്ടിരുന്നത്. ഇതിനെതിരേ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയ്ഷാ വയറിനെതിരേ മാനനഷ്ടക്കേസും ഫയല്‍ ചെയ്തിരുന്നു. 

ജയന്ത് സിന്‍ഹയ്‌ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ജയ്ഷായ്‌ക്കെതിരേ അന്വേഷണം നടത്തുന്നുമില്ല. അത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണം. അന്വേഷണം എല്ലാവര്‍ക്കെതിരേയും നടക്കട്ടെയെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. ജയ്ഷായ്‌ക്കെതിരേയുള്ള സാമ്പത്തിക ആരോപണം പാര്‍ട്ടിയുടെ ഔന്നത്യം നഷ്ടപ്പെടുത്തിയെന്ന് യശ്വന്ത് സിന്‍ഹ മുന്‍പും ചൂണ്ടിക്കാട്ടിയിരുന്നു.