ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ റോഡിലെ കുഴികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ മരിക്കുന്നുവെന്ന് സുപ്രീംകോടതി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത്തരം അപകടങ്ങളില്‍പ്പെട്ട് 14,926 പേര്‍ മരിക്കാനിടയായതില്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച് ആശങ്ക രേഖപ്പെടുത്തി.

റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതുകൊണ്ടാണ് ഇത്രയധികം പേര്‍ മരിക്കാനിടയായതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. റോഡിലെ കുഴിയില്‍വീണ് അപകടത്തില്‍പ്പെട്ട് മരിച്ച രണ്ടുപേര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ജൂലായ് 20 സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയോട് വിഷയം പരിശോധിക്കാന്‍ ബഞ്ച് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. സ്ഥിതിഗതികള്‍ വളരെ ഗൗരവതരമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. റോഡ് സുരക്ഷ സംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കുന്നില്ലെന്നാണ് അപകടത്തില്‍ മരിക്കുന്നവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും ഹേമന്ദ് ഗുപ്തയും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് നിരീക്ഷിച്ചു.