ന്യൂഡല്‍ഹി: പ്രമുഖ സൈക്കിള്‍ നിര്‍മാതാക്കളായ അറ്റ്‌ലസ് സൈക്കിള്‍സിന്റെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഫാക്ടറി പൂട്ടിയ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് വെറും പ്രഖ്യാപനം മാത്രമായിരുന്നുവെന്നും തൊഴിലവസരങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും അവര്‍ പറഞ്ഞു.

'ലോക സൈക്കിള്‍ ദിനത്തിലാണ് ഗാസിയാബാദിലെ അറ്റ്‌ലസ് ഫാക്ടറി പൂട്ടിയത്. ആയിരത്തിലേറെ പേര്‍ ഒറ്റദിവസംകൊണ്ട് തൊഴില്‍ രഹിതരായി. സാമ്പത്തിക പാക്കേജിനെക്കുറിച്ചും തൊഴിലവസരങ്ങളെപ്പറ്റിയും ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ പരസ്യങ്ങളില്‍ കാണുന്നു. എന്നാല്‍ ഫാക്ടറികള്‍ പൂട്ടുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം. ജനങ്ങളുടെ തൊഴില്‍ സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ വ്യക്തമാക്കണം'- അവര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ഗാസിയാബാദിലെ അറ്റ്‌ലസ് സൈക്കിള്‍ ഫാക്ടറി പൂട്ടുകയാണെന്ന് വ്യക്തമാക്കുന്ന നോട്ടീസ് കഴിഞ്ഞ ദിവസമാണ് ഉടമകള്‍ പ്രധാന കവാടത്തില്‍ പതിച്ചത്. അറ്റ്‌ലസ് സൈക്കിള്‍സിന്റെ പ്രവര്‍ത്തിച്ചിരുന്ന അവസാനത്തെ പ്ലാന്റാണ് പൂട്ടിയത്. സാമ്പത്തിക കാരണങ്ങളാല്‍ ഫാക്ടറി പൂട്ടുന്നുവെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. കമ്പനി പൂട്ടുന്നകാര്യം മാനേജ്‌മെന്റ് അറിയിച്ചിരുന്നില്ലെന്നാണ് ബുധനാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Content Highlights: Priyanka slams govt over Atlas cycle factory closure in Ghaziabad