ന്യൂഡൽഹി: ഉത്തർ പ്രദേശിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുളള പദ്ധതികളുടെ ഭാഗമായി ഡൽഹിയിൽനിന്ന് ലഖ്നൗവിലേക്ക് താമസം മാറാൻ ഒരുങ്ങി പ്രിയങ്ക ഗാന്ധി വദ്ര. സർക്കാർ ബംഗ്ലാവ് വിട്ടുനൽകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രിയങ്കയ്ക്ക് ലഭിച്ച നോട്ടീസ് ഇതുസംബന്ധിച്ച തീരുമാനം വേഗത്തിലാക്കിയെന്ന് പ്രിയങ്കയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

സുരക്ഷാ കാരണങ്ങളെ തുടർന്ന് 1997-ലാണ് പ്രിയങ്ക ഗാന്ധിക്ക് താമസിക്കുന്നതിനായി സർക്കാർ ബംഗ്ലാവ് അനുവദിച്ചത്. ഓഗസ്റ്റ് 1-ന് ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പ്രിയങ്കയ്ക്ക് കേന്ദ്ര ഭവന-നഗരകാര്യമന്ത്രാലയത്തിന്റെ നോട്ടീസ് ലഭിച്ചത്. എസ്പിജി സുരക്ഷയില്ലാത്തതിനാൽ സർക്കാർ ബംഗ്ലാവ് ഉപയോഗിക്കുന്നതിന് സാധുതയില്ലെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരുന്നത്. 3.26 ലക്ഷം രൂപ കുടിശ്ശിക നൽകാനും ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ വഴി ഉടൻ തന്നെ പ്രിയങ്ക പണം അടച്ചു.

പ്രിയങ്കയ്ക്ക് നേരെയുള്ള സർക്കാർ നടപടി കോൺഗ്രസ് നേതൃത്വത്തോടുള്ള പ്രധാനമന്ത്രിയുടെ കടുത്ത വിദ്വേഷത്തിന്റെ കുടിപ്പകയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

എന്നാൽ ഈ വർഷം തുടക്കം തന്നെ താമസം മാറുന്നത് സംബന്ധിച്ച് പ്രിയങ്ക ആലോചിച്ചിരുന്നുവെന്നും കൊറോണ വൈറസ് വ്യാപനവും മകളുടെ പരീക്ഷയുമാണ് പദ്ധതി ദീർഘിപ്പിച്ചതെന്നും കോൺഗ്രസ് പറയുന്നു. ഇന്ദിര ഗാന്ധിയുടെ അമ്മായിയായ ഷീല കൗളിന്റെ ലഖ്നൗവിലെ വസതിയിലേക്കാണ് പ്രിയങ്ക താമസം മാറുന്നത്. കോൺഗ്രസ് പ്രവർത്തകയായിരുന്നു കൗൾ. യു.പി. കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് കൗൾ ഹൗസ് ബേസ് ക്യാമ്പാക്കാനാണ് പ്രിയങ്കയുടെ തീരുമാനം.

താമസം മാറുന്നതിലൂടെ യു.പി. മുഖ്യമന്ത്രി ആദിത്യനാഥിന്റെ നഗരത്തിലേക്കാണ് പ്രിയങ്ക എത്തുന്നത്. തൊഴിലില്ലായ്മ, കുടിയേറ്റ തൊഴിലാളികളുടെ പാലായനം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് നേരെയുണ്ടായ ആക്രമണം, അഴിമതി തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രിയങ്ക ആദിത്യനാഥിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.യോഗി സർക്കാരിനെതിരെ കൂടുതൽ വെല്ലുവിളികൾ ഉയർത്തി ബി.ജെ.പിക്കെതിരായ പോരാട്ടം ശക്തമാക്കി കോൺഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക എത്തുന്നത്.

Content Highlights:Priyanka Gandhi's Lucknow Plan