വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ അദ്ദേഹത്തിനെതിരെ പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് ആവശ്യം. വാരണാസിയിലെങ്ങും ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ടതാണ് പോസ്റ്ററുകള്‍. 2014 ല്‍ മോദിക്കെതിരെ വാരണാസിയില്‍ മത്സരിച്ച സ്ഥാനാര്‍ഥിയാണ് കോണ്‍ഗ്രസ് നേതാവായ അജയ് റായ്.

പ്രിയങ്കയെ ഞങ്ങള്‍ക്കുവേണം എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ ആവശ്യമുന്നയിച്ച് വാരണാസിയില്‍ പ്രകടനം നടത്തുകയും ചെയ്തു. പ്രിയങ്കയുടെ വിജയം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് അജയ് റായ് പറഞ്ഞു.

വാരണാസിയില്‍നിന്ന് മത്സരിക്കാന്‍ പ്രിയങ്ക എത്തുന്നപക്ഷം അതിന്റെ അലയൊലികള്‍ അയല്‍ സംസ്ഥാനങ്ങളിലും ദൃശ്യമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. മോദി - അമിത് ഷാ ഭരണത്തില്‍നിന്ന് മുക്തരാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. തെറ്റായ നയങ്ങളും നെഞ്ചുവിരിക്കലും മൂലം നിരവധി ചെറുകിട കച്ചവടക്കാര്‍ ദുരിതത്തിലായി. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും 2019 ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2022 ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും അജയ് റായ് അവകാശപ്പെട്ടു.

Content Highlights: Priyanka Gandhi, Varanasi, PM Narendra Modi