ഗുവാഹാത്തി: അസമിലെ തോട്ടം തൊഴിലാളികള്‍ക്കൊപ്പം തേയില നുള്ളി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ചൊവ്വാഴ്ച  ബിസ്‌വനാഥ് ജില്ലയിലെ സാന്തുരു തേയില തോട്ടത്തിലെ തൊഴിലാളികളോട് സംവദിക്കവെയാണ് പ്രിയങ്ക അവര്‍ക്കൊപ്പം തേയില നുള്ളാനും കൂടിയത്. 

സാരി ധരിച്ചെത്തിയ പ്രിയങ്ക തോട്ടം തൊഴിലാളികള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന കൊട്ടയും മറ്റും ധരിച്ചാണ് തേയില നുള്ളിയ ത്. തേയില നുള്ളുന്ന പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോയും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അസമില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രിയങ്ക. തോട്ടം മേഖലയില്‍ വലിയ സ്വീകരണമാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. തിങ്കളാഴ്ച  ആരംഭിച്ച സന്ദര്‍ശനത്തിനിടെ അസമിലെ പ്രാദേശിക പരിപാടികളിലും പ്രിയങ്ക സജീവമായി പങ്കെടുത്തിരുന്നു. 

മാര്‍ച്ച് 27 മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 126 മണ്ഡലങ്ങളില്‍ 35 സീറ്റുകളിലെ ഫലം നിര്‍ണയിക്കുന്നതില്‍ തോട്ടം മേഖലയിലെ വോട്ടുകള്‍ നിര്‍ണായകമാണ്.

content highlights: Priyanka Gandhi Vadra Tries Hand At Plucking Tea Leaves In Assam