ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വികാരരഹിതമായ ഒരു സര്‍ക്കാരിന് മാത്രമേ ഇത്തരം ഒരു പ്രസ്താവന നടത്താനാവൂ എന്ന് പ്രിയങ്ക പ്രതികരിച്ചു. 

സംസ്ഥാനത്തെ സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ ഉള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ അപര്യാപ്തത ഇല്ല എന്നായിരുന്നു യോഗിയുടെ അവകാശവാദം. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാനത്ത് ലഭ്യമായ ഓക്‌സിജന്റെ അളവ് വിലയിരുത്തുമെന്നും യോഗി ശനിയാഴ്ച പറഞ്ഞിരുന്നു. 

'ഓക്‌സിജന്‍ കുറവാണ് നിങ്ങള്‍ രോഗിയെ കൊണ്ടു പോകൂ', എന്ന് ആശുപത്രികള്‍ നിര്‍ദേശം നല്‍കുന്നതായുള്ള മാധ്യമ റിപ്പോര്‍ട്ട് ടാഗ് ചെയ്ത് ഓക്‌സിജന്‍ ക്ഷാമം മൂലം ആശുപത്രികളില്‍  പ്രവേശനം നിഷേധിക്കപ്പെട്ട രോഗികളുടെ സ്ഥാനത്ത് നിങ്ങളാണെന്ന് സങ്കല്‍പിച്ചു നോക്കൂവെന്ന് ട്വീറ്റിലൂടെ പ്രിയങ്ക ആവശ്യപ്പെട്ടു. 

സംസ്ഥാനത്ത് ഓക്‌സിജന്‍ അടിയന്തരമായി ആവശ്യമുണ്ടെന്നും യോഗിയുടെ പ്രസ്താവനയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ടാഗ് ചെയ്ത് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ കേസെടുക്കണമെങ്കിലോ തന്റെ സ്വത്ത് പിടിച്ചെടുക്കുകയോ ആവാമെന്നും പ്രിയങ്ക പറഞ്ഞു. ഈശ്വരനെയോര്‍ത്ത് സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കണമെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

 

 

Content Highlights: Priyanka Gandhi Vadra On Yogi Adityanath's No Oxygen Shortage Remark