ന്റെ പ്രവര്‍ത്തനമേഖല സ്വയം കണ്ടെത്തിയ മകന്‍ റെയ്ഹാനെ കുറിച്ച് അഭിമാനിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മകന്‍ റെയ്ഹാന്‍ രാജീവ് വദ്രയുടെ ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് പ്രിയങ്ക ഇക്കാര്യം കുറിച്ചത്. 'ഡാര്‍ക്ക് പെര്‍സെപ്ഷന്‍:ആന്‍ എക്‌സ്‌പൊസിഷന്‍ ഓഫ് ലൈറ്റ്, സ്‌പേസ് ആന്‍ഡ് ടൈം; എന്ന പേരില്‍ ജൂലായ് പതിനൊന്നിനാണ് ഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ റെയ്ഹാന്റെ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചത്. ജൂലായ് 17 വരെ തുടരുന്ന പ്രദര്‍ശനം ഇരുപതുകാരനായ റെയ്ഹാന്റെ ആദ്യ സോളോ ഫോട്ടോ പ്രദര്‍ശനമാണ്. 

'സ്വന്തം പാത സ്വയം കണ്ടെത്തിയ എന്റെ കുട്ടിയെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ലക്ഷ്യപ്രാപ്തിക്ക് വേണ്ടി അവന്‍ നടത്തുന്ന കഠിനപരിശ്രമങ്ങളെ കുറിച്ചും അവന്‍ ഇത്രയും ഓമനയായിരിക്കുന്നതിലും ഏറെ അഭിമാനം തോന്നുന്നു.', പ്രിയങ്ക കുറിച്ചു. കൂടാതെ റെയ്ഹാന്റെ ആദ്യ പ്രദര്‍ശനമാണെന്നും പ്രദര്‍ശനസ്ഥലത്തെ കുറിച്ചും ജൂലായ് 17 വരെ പ്രദര്‍ശനം നീളുമെന്നും പ്രിയങ്ക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

റെയ്ഹാനോടൊപ്പമുള്ള രണ്ട് ഫോട്ടോകളും ഫോട്ടോ പ്രദര്‍ശനത്തിന്റെ ബാനറിന്റെ ഫോട്ടോയും ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങളാണ് പ്രിയങ്ക ഷെയര്‍ ചെയ്തത്. പ്രിയങ്കയുടെ പോസ്റ്റ് ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ലൈക്കുകള്‍ നേടിക്കഴിഞ്ഞു. നിരവധി പേര്‍ കമന്റ് ചെയ്തു. പ്രിയങ്ക-റോബര്‍ട്ട് വദ്ര ദമ്പതിമാരുടെ മൂത്ത പുത്രനാണ് റെയ്ഹാന്‍. റെയ്ഹാനെ കൂടാതെ മിരായ വദ്ര എന്ന മകള്‍ കൂടിയുണ്ട് ഇവര്‍ക്ക്. 

ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ റെയ്ഹാന്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ 12,000 ലധികം ഫോളോവേഴ്‌സ് റെയ്ഹാനുണ്ട്. എട്ട് വയസ് പ്രായമുള്ളപ്പോഴാണ് തനിക്ക് ഫോട്ടോഗ്രാഫിയില്‍ താത്പര്യം ജനിച്ചതെന്ന് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റെയ്ഹാന്‍ പറഞ്ഞു. 

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലാണ് റെയ്ഹാന് കൂടുതല്‍ താത്പര്യം. അമ്മാവന്‍ രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോയുടെ ബാക്ക് ഗ്രൗണ്ടില്‍ റെയ്ഹാന്റെ ചിത്രമാണെന്ന് ട്വിറ്ററിലെ ഫോളോവേഴ്‌സ് അടുത്തിടെ കണ്ടെത്തിയിരുന്നു.

 

 

Content Highlights: Priyanka Gandhi Vadra Is A Proud Mom At Son's First Photography Exhibition