ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഡൽഹിയിലെ സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞു. ഓഗസ്റ്റ് ഒന്നിന് മുമ്പ് ബംഗ്ലാവ് ഒഴിയണമെന്ന് നേരത്തെ കേന്ദ്ര ഭവന, നഗര വികസന മന്ത്രാലയം പ്രിയങ്കയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലൂട്യൻസിലെ 35 ലോധി എസ്റ്റേറ്റിലെ സർക്കാർ വസതി പ്രിയങ്ക ഒഴിഞ്ഞത്.

സോണിയ ഗാന്ധിക്കും കുടുംബത്തിനും നൽകിവന്നിരുന്ന എസ്.പി.ജി സുരക്ഷ പിൻവലിച്ച സാഹചര്യത്തിൽ സർക്കാർ ബംഗ്ലാവ് അനുവദിക്കാനാകില്ലെന്നായിരുന്നു ജൂലായ് ഒന്നിന് പ്രിയങ്കയ്ക്ക് നൽകിയ നോട്ടീസിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. 3.26 ലക്ഷം രൂപ കുടിശിക അടയ്ക്കാനും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഓൺലൈനായി പ്രിയങ്കാ ഗാന്ധി ഈ തുക അടച്ചിരുന്നു.

1997 മുതൽ ഈ ബംഗ്ലാവിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. ഒരു മാസത്തിനുള്ളിൽ ബംഗ്ലാവ് ഒഴിയണമെന്ന് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നൽകിയതിന് പിന്നാലെ ബി.ജെ.പി. വക്താവും എം.പിയുമായ അനിൽ ബലൂണിക്ക് ഇതേ ബംഗ്ലാവ് കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു.

ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ബന്ധുവിന്റെ വസതിയിലേക്കാണ് പ്രിയങ്ക താമസം മാറുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്ക ലക്നൗവിലേക്ക് മാറുന്നതെന്നാണ് റിപ്പോർട്ടുകൾ.

content highlights:Priyanka Gandhi vacates govt bungalow in Delhi's Lutyens' zone