ന്യൂഡല്‍ഹി: ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന് ഒരു മണിക്കൂറിനുള്ളില്‍ പതിനായിരത്തിലേറെ ഫോളോവേഴ്സുമായി പ്രിയങ്ക ഗാന്ധി. ഫെബ്രുവരി 11-ന് രാവിലെ ട്വിറ്ററില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്കകമാണ് പുതിയ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരവും കടന്ന് മുന്നേറുന്നത്. ഉച്ചയോടെ ഫോളോവേഴ്സിന്റെ എണ്ണം 50,000 കടന്നു. പ്രിയങ്കാ ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോണ്‍ഗ്രസ് നേരത്തെ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ വര്‍ധിച്ചത്.
അതിനിടെ എ.ഐ.സി.സി. സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി യു.പിയിലെത്തുന്ന പ്രിയങ്കാ ഗാന്ധിക്ക് വന്‍ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. കിഴക്കന്‍ യു.പിയുടെ സംഘടനാചുമതല വഹിക്കുന്ന പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനൊപ്പം റാലിയിലും പങ്കെടുക്കും. പുതിയ നേതാവിന് സര്‍വ പിന്തുണയുമായി പിങ്ക് ആര്‍മി എന്ന പേരില്‍ പ്രിയങ്കാ സേനയും യു.പിയിലുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് പിങ്ക് ആര്‍മി അംഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ കിഴക്കന്‍ യു.പിയില്‍ സജീവമാകുന്ന പ്രിയങ്കാ ഗാന്ധി അടുത്ത നാല് ദിവസങ്ങളില്‍ വിവിധ യോഗങ്ങള്‍ വിളിച്ചുകൂട്ടിയിട്ടുണ്ട്. നിര്‍ണായകമായ 40 ലോക്സഭ മണ്ഡലങ്ങളുടെ ചുമതലയുള്ളതിനാല്‍ യു.പിയില്‍ തന്നെ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാകും അവരുടെ ശ്രമം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ എല്ലാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും. പടിഞ്ഞാറന്‍ യു.പിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയും തിങ്കളാഴ്ച മുതല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകും.
Content Highlights: priyanka gandhi started her official twitter account