ന്യൂഡല്‍ഹി: അമ്മയും അമ്മാവനും ജനങ്ങളെ തേടി നാട്ടിടവഴികളിലേക്കിറങ്ങുമ്പോള്‍ റെയ്ഹാന്‍ രാജീവ് വാദ്ര കടുവകളെ തേടി കാടുകയറുകയാണ്. അമ്മയും അമ്മാവനും മുത്തശ്ശിയ്ക്കും പ്രിയം രാഷ്ട്രീയമാണെങ്കില്‍ റെയ്ഹാനിഷ്ടം കാടുകളാണ് പ്രത്യേകിച്ച് കടുവകള്‍.  എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വാദ്രയുടെയും മൂത്ത മകനാണ് 20-കാരനായ റെയ്ഹാന്‍ രാജീവ് വാദ്ര 

രാജസ്ഥാനിലെ രണ്‍ഥംബോര്‍ ദേശീയ ഉദ്യാനത്തില്‍നിന്ന് റെയ്ഹാന്‍ പകര്‍ത്തിയ കടുവയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കുറ്റിക്കാട്ടിനുള്ളില്‍ കിടക്കുന്ന കടുവയുടെ കണ്ണുകള്‍ ഫോക്കസ് ചെയ്തുകൊണ്ടുള്ള റെയ്ഹാന്റെ ചിത്രം ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി.  മികച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ റെയ്ഹാന്‍  പേരെടുത്തു കഴിഞ്ഞു. 

ഒക്ടോബര്‍ ആറിന് പകര്‍ത്തിയ ചിത്രം റെയ്ഹാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.

കടുവകളും കാടുമാണ് നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരന്റെ പ്രിയപ്പെട്ട ഇടമെന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ കണ്ണോടിച്ചാല്‍ മനസിലാകും.  റെയ്ഹാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ അധികവും കടുവകളുടേതാണ്. കടുവസങ്കേതമായ രണ്‍ഥംബോര്‍ റെയ്ഹാന്റെ പ്രിയപ്പെട്ട ഇടം കൂടിയാണ്. 

കഴിഞ്ഞ ജൂണില്‍ ദേശീയ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് റെയ്ഹാന്‍ പകര്‍ത്തിയ മയിലിന്റെ ചിത്രം പ്രിയങ്ക ഗാന്ധി പങ്കുവെച്ചിരുന്നു. അന്നും നിരവധി പേരാണ് റെയ്ഹാനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

Content Highlight: Priyanka Gandhi Son Raihan Rajiv Vadra Shares Tiger Photo Goes Viral