ന്യൂഡല്‍ഹി: മുന്‍ എം.പിയായ രമേശ് ബിധുരി തനിക്ക് എതിരായി നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ പ്രതികരണവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. ബിധുരിയുടെ പരാമർശത്തെ പരിഹാസ്യം എന്ന് വിശേഷിപ്പിച്ച പ്രിയങ്ക ഗാന്ധി, ഇത്തരം അപ്രസക്തമായ കാര്യങ്ങളല്ല ഡൽഹി തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടതെന്നും പറഞ്ഞു. 

To advertise here,

'രമേശ് ബിധുരി അദ്ദേഹത്തിന്റെ കവിളുകളെ കുറിച്ച് ഒന്നും പറഞ്ഞില്ല. പരിഹാസ്യമായ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. ഇതെല്ലാം അപ്രസക്തമാണ്. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. പ്രധാനപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്', പ്രിയങ്ക പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ ഇനിയും പ്രാധാന്യം നല്‍കേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും അവയ്ക്ക് മുന്‍ഗണന നല്‍കണമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്ററി പാനല്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍പോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു ബിധുരിയുടെ പരാമര്‍ശം. പരാമര്‍ശനത്തിനെതിരേ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വിമർശനവുമായി രംഗത്തെത്തിയിരുന്നു.