ന്യൂഡൽഹി: രാജ്യം രൂക്ഷമായ കോവിഡ് വ്യാപനം നേരിടുമ്പോൾ സെൻട്രൽ വിസ്ത പദ്ധതിക്കായി 20,000 കോടി രൂപ ചെലവഴിക്കുന്നതിനെ ചോദ്യംചെയ്ത് പ്രിയങ്കാഗാന്ധി വദ്ര. 62 കോടി വാക്സിൻ ഡോസുകൾ ശേഖരിക്കാനും ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി ഉപയോഗിക്കാനും സാധിക്കുമായിരുന്ന പണം പദ്ധതിക്കായി ചെലവഴിക്കുന്നതിനെയാണ് പ്രിയങ്ക ചോദ്യംചെയ്യുന്നത്.

കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിലാണ് പ്രിയങ്ക ഇക്കാര്യം ഉന്നയിച്ചത്. പിന്നീട് ഇതേകാര്യം പ്രിയങ്ക ട്വീറ്റ് ചെയ്യുകയും ചെയ്തു.

'പ്രധാനമന്ത്രിയുടെ പുതിയ വസതി, സെൻട്രൽ വിസ്ത പദ്ധതി = 20,000 കോടി രൂപ
= 62 കോടി വാക്സിൻ ഡോസുകൾ
= 22 കോടി റെംഡെസിവിർ വയലുകൾ
= 3 കോടി 10 ലിറ്റർ ഓക്സിജന് സിലിണ്ടറുകൾ
= 12,000 കിടക്കകളുളള 13 എയിംസ്
എന്തുകൊണ്ട്?' പ്രിയങ്ക ട്വീറ്റ് ചെയ്തു.

കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകാനുളള സർക്കാർ നടപടിയെ നേരത്തേയും പ്രിയങ്ക വിമർശിച്ചിരുന്നു.

ഓക്സിജന്റെയും വാക്സിന്റെയും ആശുപത്രിക്കിടക്കകളുടേയും മരുന്നുകളുടേയും ക്ഷാമം നേരിടുന്ന ഈ സമയത്ത് 13,000 കോടി രൂപയ്ക്ക് പ്രധാനമന്ത്രിയുടെ വസതി നിർമിക്കുന്നതിന് പകരം അതെല്ലാം ജനങ്ങളുടെ ജീവൻ രക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് കഴിഞ്ഞ ആഴ്ചയും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.

പദ്ധതി നടപ്പാക്കുന്നതിനെ വിമർശിച്ച് രാഹുൽ ഗാന്ധി അടക്കമുളള കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. ഇന്ന് നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ കേന്ദ്രത്തിനെതിരേ ശക്തമായ വിമർശനമാണ് ഉയർന്നത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യ കുത്തിവെപ്പ് നൽകുന്നതിന് പകരം വലിയ പദ്ധതിക്ക് പിറകേയാണ് സർക്കാർ എന്ന് സോണിയാ ഗാന്ധി വിമർശിച്ചു.

Content Highlights:Priyanka Gandhi Vadra questioned the expenditure of 20000 crore on the Central Vista project