ലഖ്‌നൗ: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകന്റെ കുടുംബത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ രാംപുരില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങിലും പ്രിയങ്ക പങ്കെടുത്തു. 

'മരണപ്പെട്ട നവ്രീതിന് 25 വയസ്സായിരുന്നു, എന്റെ മകന് പ്രായം 20 ആണ്. നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നാണ് കുടുംബത്തോട് പറയാനുള്ളത്. ഈ രാജ്യവും ഞങ്ങളും നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു.' പ്രിയങ്ക നവ്രീതിന്റെ കുടുംബാംഗങ്ങളോട് പറഞ്ഞു. 

അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ദുരിതം കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കുന്നില്ലെന്ന് പ്രിയങ്ക സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം യഥാര്‍ഥ പ്രതിഷേധമാണ്. എന്നാല്‍ കേന്ദ്രം അത് തിരിച്ചറിയുന്നില്ല. സമരം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് കേന്ദ്രം കരുതുന്നത്. കര്‍ഷകര്‍ക്കെതിരെയുള്ള കുറ്റകൃത്യമാണ് പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍, അത് പിന്‍വലിക്കപ്പെടണം. പ്രതിഷേധിക്കുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് വിളിക്കുന്നത് അതിലും വലിയ കുറ്റകൃത്യമാണെന്നും പ്രിയങ്ക പ്രതികരിച്ചു. 

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അജയ് കുമാര്‍ ലല്ലുവും പ്രിയങ്കാ ഗാന്ധിക്കൊപ്പം നവ്രീതിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. 

റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ ട്രക്ക് മറിഞ്ഞാണ് നവ്രീത് മരണപ്പെട്ടത്എന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. അതേസമയം ട്രക്ക് മറിയുന്നതിന് മുന്‍പ് നവ്രീതിന് വെടിയേറ്റിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ യുപി സര്‍ക്കാര്‍ ഇത് നിഷേധിച്ചു. അപകടത്തില്‍ പരിക്കേറ്റതിനാലാണ് മരണം സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Content Highlights: Priyanka Gandhi Meets Family Of Farmer Who Died