പ്രിയങ്കാ ഗാന്ധി വാദ്ര | Photo: ANI
ഷിംല: ഹിമാചല്‍ പ്രദേശില്‍ ആര് മുഖ്യമന്ത്രിയാകണമെന്നതില്‍ അന്തിമ തീരുമാനം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടേതായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
40 സീറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി വടംവലി ശക്തമാണ് ഹിമാചല്‍ കോണ്‍ഗ്രസില്‍. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്, മുന്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, പാര്‍ട്ടി മുന്‍സംസ്ഥാന അധ്യക്ഷന്‍ സുഖ്‌വിന്ദര്‍ സുഖു എന്നിവരാണ് മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യാക്കി കരുനീക്കങ്ങള്‍ നടത്തുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം വെള്ളിയാഴ്ച ഷിംലയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം പാസാക്കിയിരുന്നു. ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ഞായറാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തെ മുന്നില്‍നിന്ന് നയിച്ചത് പ്രിയങ്കയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായിരുന്നു. നിരവധി റാലികളില്‍ പങ്കെടുത്ത പ്രിയങ്ക, വിജയതന്ത്രങ്ങളും ആവിഷ്‌കരിച്ചിരുന്നു. മികച്ച വിജയം നേടിയതിന് പിന്നാലെ പ്രിയങ്കയുടെ നേതൃപാടവത്തെ അഭിനന്ദിച്ച് നിരവധി നേതാക്കള്‍ രംഗത്തുമെത്തി.
പ്രിയങ്ക പ്രചാരണച്ചുമതല ഏറ്റെടുത്ത തിരഞ്ഞെടുപ്പുകളില്‍ ആദ്യത്തെ വിജയമാണ് ഹിമാചല്‍ പ്രദേശിലേത്. നേരത്തെ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് ചുമതലയുടെ ഭാഗമായിരുന്നെങ്കിലും വിജയിക്കാനായിരുന്നില്ല. സിര്‍മര്‍. കാംഗ്ര, സോലന്‍, ഉന തുടങ്ങിയിടങ്ങളില്‍ നടത്തിയ റാലികളില്‍ അഗ്നിപഥ്, പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഓള്‍ഡ് പെന്‍ഷന്‍ സ്‌കീം തുടങ്ങിയ വിഷയങ്ങള്‍ പ്രിയങ്ക ഉന്നയിച്ചിരുന്നു.
Content Highlights: priyanka gandhi likely to name himachal pradesh chief minister suggests sources
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..