ലഖ്‌നൗ: ലഖിംപുര്‍ ഖേരി കര്‍ഷക കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് പ്രിയങ്കാ ഗാന്ധിയും. ലഖ്‌നൗവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന മൗനവ്രതത്തിലാണ് പ്രിയങ്കയും പങ്കെടുത്തത്. 

അജയ് മിശ്രയെ പുറത്താക്കുന്നതു വരെ താന്‍ പോരാടുമെന്ന് പ്രിയങ്ക പ്രതികരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിയെ സംരക്ഷിക്കുന്നുവെന്നും പ്രിയങ്ക ആരോപിച്ചു. കര്‍ഷകരുടെ കൊലപാതകത്തില്‍ സുതാര്യമായ അന്വേഷണം നടക്കണമെങ്കില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയെ പുറത്താക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

കര്‍ഷകരെ കൊലചെയ്ത സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മകനുള്‍പ്പെടുന്ന കേസ് ആയതിനാല്‍ അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ഇടയാക്കുമെന്നാണ് കോണ്‍ഗ്രസ് വാദം. 

Content Highlights: Priyanka Gandhi joins Congress workers in maun vrat in Lucknow