ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി. ജോത്സ്യനായതുകൊണ്ടാകാം അദ്ദേഹം കോണ്‍ഗ്രസിന്‍റെ സീറ്റ് പ്രവചിക്കുന്നതെന്ന് പ്രിയങ്ക പരിഹസിച്ചു.

അഖിലേഷ് യാദവ് ഒരുപക്ഷെ ജോത്സ്യനായിരിക്കും, അതാകും കോണ്‍ഗ്രസിന് പൂജ്യം സീറ്റായിരിക്കും കിട്ടുക എന്ന് പറയാന്‍ കാരണം. നമുക്കു നോക്കാം എന്താണ് സംഭവിക്കുന്നതെന്ന്, പ്രിയങ്ക പരിഹസിച്ചു. 

ഇത്തവണത്തെ മത്സരത്തില്‍ കോണ്‍ഗ്രസില്ല. അവര്‍ ഇവിടെ വെറുതെ പരസ്യത്തിനു വേണ്ടിയാണുള്ളത്. അവര്‍ക്ക് പൂജ്യം സീറ്റാണ് കിട്ടാന്‍ സാധ്യത എന്നായിരുന്നു കഴിഞ്ഞയാഴ്ച അഖിലേഷ് മാധ്യമങ്ങളോടു പറഞ്ഞത്. അഖിലേഷിന്റെ സര്‍ക്കാരിനെതിരെ പ്രിയങ്ക അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജാതീയതയുള്ളതും ക്രിമിനലുകളുടേതുമായ സർക്കാരാണ് അഖിലേഷിന്‍റേതെന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.

2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഒരുമിച്ചായിരുന്നു മത്സരത്തിനിറങ്ങിയത്. എന്നാല്‍ വമ്പന്‍പരാജയമാണ് സഖ്യത്തിന് നേരിടേണ്ടിവന്നത്.

content highlights: priyanka gandhi hits back to akhilesh yadav over zero seat comment