ന്യൂഡല്‍ഗി: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഭീരുവിനെപ്പോലെയാണ് പെരുമാറിയതെന്ന് പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി ഇന്ത്യയുടെ ക്ഷേമത്തെക്കാള്‍ രാഷ്ട്രീയവും പ്രചാരവേലയുമാണ് മുന്നോട്ടുവെക്കുന്നതെന്ന് അവര്‍ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധത്തെ വിമർശിക്കുന്ന 'ആരാണ് ഉത്തരവാദി' എന്ന പേരിലുള്ള ക്യാമ്പയിന്റെ ഭാഗമായാണ് അവര്‍ പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനമുന്നയിച്ചത്. 

പ്രധാനമന്ത്രി പിന്നോട്ട് പോയെന്നും മോശമായ കാര്യം സംഭവിക്കാന്‍ കാത്തിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു ഭീരുവിനെപ്പോലെയാണ് പെരുമാറിയത്. അദ്ദേഹം നമ്മുടെ രാജ്യത്തെ നിരാശപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. "അദ്ദേഹത്തിന് പ്രഥമ പരിഗണന ഇന്ത്യക്കാരല്ല, രാഷ്ട്രീയമാണ്. സത്യത്തെ അദ്ദേഹം പരിഗണിക്കുന്നില്ല", അവര്‍ കൂട്ടിച്ചേര്‍ത്തു. 

മറ്റ് രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം ഇമേജ് കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും സ്വന്തം നാട്ടുകാരെക്കുറിച്ച് ചിന്തിക്കാന്‍ മെനക്കെട്ടിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. സ്വന്തം പ്രതിച്ഛായ ഉയര്‍ത്തുന്നതിനായി ലോകമെമ്പാടും സൗജന്യ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുപകരം, അദ്ദേഹം ആദ്യം തന്റെ ജനങ്ങളെ  സംരക്ഷിക്കുകയായിരുന്നു വേണ്ടിയിരുന്നത്. വാക്സിന്‍ രജിസ്ട്രേഷന്‍ പ്ലാറ്റ്ഫോം സങ്കീര്‍ണമാണെന്നും അത് വാക്സിനേഷന്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തതാണെന്നും അവര്‍ ആരോപിച്ചു. 

പകര്‍ച്ചവ്യാധി നേരിടാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര സമതിയുടെ ശുപാര്‍ശകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചതായും പ്രിയങ്ക തന്റെ രണ്ട് പേജുള്ള പ്രസ്താവനയില്‍ ആരോപിച്ചു. പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്നും സത്യം മറച്ചുവെയ്ക്കുന്നതായും പ്രിയങ്ക ആരോപിച്ചു.

Content Highlights: Priyanka Gandhi harshly criticises PM Modi over handling of Covid crisis