ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി ഫെബ്രുവരി നാലിന് പുതിയ ചുമതല ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. കുഭമേളയുടെ ഭാഗമായി ഗംഗാസ്‌നാനം നടത്തിയ ശേഷമായിരിക്കും പ്രിയങ്ക ചുമതലയേല്‍ക്കുക. അടുത്തിടെയാണ് പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതായും സംഘടനാ ചുമതല നല്‍കിയതായുമുള്ള പ്രഖ്യാപനം ഉണ്ടായത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് അവര്‍.

 

പ്രയാഗ് രാജിലാണ് പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയും സ്‌നാനം നടത്തുക. ഇതിനായി ഇരുവരും ഫെബ്രുവരി നാലിനുള്ള മറ്റു പരിപാടികള്‍ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. പിന്നീട് ഇരുവരും സംയുക്ത പത്രസമ്മേളനം നടത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമുണ്ടായത്. തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. സജീവ രാഷ്ട്രീയത്തിലേയ്ക്ക് പ്രിയങ്കാ ഗാന്ധി കടന്നുവരുന്നതായുള്ള വര്‍ഷങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ പ്രിയങ്ക പാര്‍ട്ടിയുടെ ചുമതലയേല്‍ക്കുന്നത്.

Content Highlights: Priyanka Gandhi, Kumbh Mela, Rahul Gandhi, Congress